ഭാര്യയുടെ ഹർജി; ഗർഭധാരണത്തിനുള്ള ചികിത്സയ്ക്കായി ജീവപര്യന്തം തടവുകാരന് പ്രത്യേക അവധി
കൊച്ചി: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തൃശ്ശൂര്‍ വടക്കേക്കാട് സ്വദേശിക്ക് ഐ.വി.എഫ്. ചികിത്സയ്ക്കായി അവധി അനുവദിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
ഗര്‍ഭധാരണത്തിനായുള്ള ചികിത്സയ്ക്കായി കുറഞ്ഞത് 15 ദിവസത്തെ അവധി അനുവദിക്കണമെന്നാണ് അഭിപ്രായമെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനും ജയില്‍ ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കി.
ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭരണഘടനാപ്രകാരമുള്ള എല്ലാ മൗലികാവകാശങ്ങള്‍ക്കും അര്‍ഹതയില്ലെങ്കിലും തങ്ങള്‍ക്കൊരു കുട്ടി വേണമെന്ന ആവശ്യവുമായി പ്രതിയുടെ ഭാര്യയാണ് വന്നിരിക്കുന്നതെന്ന് കോടതി വിലയിരുത്തി.
31 വയസ്സുള്ള ഹര്‍ജിക്കാരിയുടെ സാഹചര്യംകൂടി കണക്കിലെടുത്ത് ഈ ആവശ്യം സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് നിരസിക്കാനാവില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതികളെ ശിക്ഷിക്കുന്നത് അവരുടെ പരിവര്‍ത്തനംകൂടി ലക്ഷ്യമിട്ടാണ്. തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ മാറ്റംവന്ന മനുഷ്യനായി കാണാനാണ് സമൂഹം ആഗ്രഹിക്കുന്നത്. പുറത്തുവന്ന് മറ്റുള്ളവരെപ്പോലെ അന്തസ്സായി ജീവിക്കാന്‍ അവന് അര്‍ഹതയുണ്ടെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു.
2012-ലാണ് ഹര്‍ജിക്കാരി വിവാഹിതയായത്. എന്നാല്‍, ഇതുവരെ കുട്ടികളില്ല. 2016-ല്‍ ഭര്‍ത്താവിനെ രാഷ്ട്രീയ കൊലപാതകക്കേസില്‍ വിചാരണക്കോടതി ജീവപര്യന്തംതടവിന് ശിക്ഷിച്ചു. ഇതു ഹൈക്കോടതിയും ശരിവെച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
പരോളനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ജയില്‍ ഡി.ജി.പി.ക്കും നിവേദനം നല്‍കിയിട്ടും അനുകൂലതീരുമാനം ഉണ്ടാകാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍, അവധി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കീഴ്വഴക്കമായി കണക്കാക്കരുതെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനുവാണ് ഹാജരായത്.
Leave A Comment