പു.ക.സയുടെ എംഎൻ വിജയൻ സ്മൃതി യാത്രാ വേദി മാറ്റി; യാത്ര തുടങ്ങുക എടവിലങ്ങ് ചന്തയിൽ നിന്ന്
കൊടുങ്ങല്ലൂർ: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ എംഎൻ വിജയൻ സ്മൃതി യാത്രയുടെ വേദി മാറ്റി. എടവിലങ്ങ് ചന്തയിൽ നിന്നായിരിക്കും 17-ാം തീയ്യതി എംഎൻ വിജയൻ സ്മൃതി യാത്ര തുടങ്ങുക. എംഎൻ വിജയന്റെ വീട്ടിൽ നിന്നുമായിരിക്കും യാത്ര തുടങ്ങുകയെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ കഴിഞ്ഞ ദിവസം എംഎൻ വിജയന്റെ മകനും എഴുത്തുകാരനുമായ വി.എസ് അനിൽകുമാർ പുകസയുടെ യാത്രക്കെതിരെ രംഗത്തു വന്നിരുന്നു ഇതിനെ തുടർന്നാണ് യാത്രയുടെ വേദി മാറ്റിയത്. പുകസയുടെ എംഎൻ വിജയൻ സ്മൃതിയാത്ര ധാർമ്മികതയില്ലാത്തതാണെന്നായിരുന്നു അനിൽകുമാറിന്റെ വിമർശനം.
പാർട്ടിയും പുരോഗമന കലാസാഹിത്യ സംഘവും എംഎൻ വിജയനെ പരമാവധി തേജോവധം ചെയ്തിരുന്നുവെന്നും അനിൽകുമാർ പറഞ്ഞിരുന്നു. പാർട്ടി വിരുദ്ധൻ, നികൃഷ്ടൻ, നീചൻ എന്നൊക്കെ പറഞ്ഞ്, പുരയ്ക്ക് ചാഞ്ഞ മരം എന്ന് വിശേഷിപ്പിച്ച് പുസ്തകമിറക്കിയെന്നും ഇപ്പോൾ എംഎൻ വിജയൻ പുകസയ്ക്ക് സ്വീകാര്യനായതിൽ അത്ഭുതം തോന്നുന്നുവെന്നും അനിൽകുമാർ പറഞ്ഞിരുന്നു.16 വർഷം എന്തുകൊണ്ട് എംഎൻ വിജയനെ സ്മരിച്ചില്ലെന്നും എന്തോ വേവലാതികളിൽ നിന്ന് മോചനം നേടാനുളള പാർട്ടിയുടെ മാർഗമാണ് സ്മൃതി യാത്രയെന്ന് സംശയമുണ്ടെന്നും അനിൽകുമാർ പറഞ്ഞിരുന്നു.
പുകസയ്ക്കും സിപിഎമ്മിനും എതിർവാദങ്ങളെ സഹിക്കാനുളള ത്രാണിയില്ലെന്നും യാത്ര വീട്ടിൽ നടക്കുന്നു എന്നാണ് ആദ്യം പറഞ്ഞതെന്നും എന്നാൽ തങ്ങളോട് അനുവാദം ചോദിക്കേണ്ട മര്യാദ പോലും കാട്ടിയില്ലെന്നും വിഎസ് അനിൽ കുമാർ പറഞ്ഞിരുന്നു.
Leave A Comment