ജില്ലാ വാർത്ത

മാളയിലെ നവകേരള സദസ്സില്‍ മാധ്യമ പ്രവർത്തകരുടെ സ്ഥാനം പടിക്ക് പുറത്ത്

മാള: മാളയിൽ നടന്ന നവകേരള സദസ്സിൽ മാധ്യമ പ്രവർത്ത ർത്തകർക്ക് പ്രത്യേകം കൗണ്ടറും ഇരിപ്പിടവും ഒരുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളുടെ വാക്ക് പാഴായി. വി.ആർ. സുനിൽകുമാർ എം.എൽ.എയും , ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസും , ഡെപ്യൂട്ടി കളക്ടർ അഖിലും മാളയിൽ നടത്തിയ പത്രസമ്മേളനത്തിൽ സീറ്റ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും നടപ്പായില്ല.  

മാധ്യമ പ്രവർത്തകർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയിട്ടില്ലെന്ന് പരിപാടികൾ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ എം.എൽ.എയെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ക്യാമറ സ്റ്റാന്റുകൾ വയ്ക്കാൻ മാത്രമാണ് സ്ഥലം ഒരുക്കിയത്. നിരവധി മാധ്യമങ്ങളുടെ ജില്ല - പ്രദേശിക ലേഖകരും ക്യാമറ മാൻമാരും പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയെങ്കിലും സൗകര്യങ്ങൾ തീർത്തും പരിമിതമായിരുന്നു. 

പലരും സദസില്‍ അകലെ ഇരുന്നും ഇരിപ്പിടം ലഭിക്കാതെ നിന്നുകൊണ്ടുമാണ് പരിപാടി റിപ്പോര്‍ട്ട്‌ ചെയ്തത്. അതേസമയം വി ഐ പി കസേരകള്‍ പലതും ഒഴിവായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഇരിപ്പിടങ്ങളുടെ പരിഗണന പക്ഷെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചില്ല.

Leave A Comment