ജില്ലാ വാർത്ത

ജോലിക്കിടയില്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു; ചാവക്കാട് നഗരസഭ ജീവനക്കാരിക്ക് സസ്‌പെൻഷൻ

തൃശൂർ: കൊല്ലപ്പെട്ട ബിജെപി നേതാവ് അഡ്വ.രഞ്ജിത്ത് ശ്രീനിവാസന്റെ അനുസ്മരണ ചടങ്ങില്‍ ജോലിക്കിടയില്‍ പങ്കെടുത്ത ചാവക്കാട് നഗരസഭ കണ്ടിജന്‍റ് ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പി.വി.ഹീനയെയാണ് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നഗരസഭ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്. കേരള മുന്‍സിപ്പാലിറ്റി ആക്ട് ഉദ്യോഗസ്ഥരുടെ മേല്‍ നിയമ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി.

കേരള ധീവര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് മണത്തല ചാപ്പറമ്പില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയില്‍ ജോലിക്കിടയില്‍ ജീവനക്കാരി പങ്കെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനക്കാരിക്ക് എതിരെ നടപടിയെടുക്കാന്‍ ചെയര്‍പേഴ്‌സണ്‍ നിര്‍ദ്ദേശം നല്‍കിയത്. രാവിലെ ജോലിക്ക് ഹാജര്‍ ആയ ഹീനയെ മാലിന്യം നീക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ ഡ്യൂട്ടി സമയത്ത് നഗരസഭയുടെ യൂണിഫോമില്‍ അഡ്വ.രഞ്ജിത്ത് ശ്രീനിവാസന്റെ അനുസ്മരണത്തില്‍ ഹീന പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാരിയെ സസ്പെന്‍റ് ചെയ്തതെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.

Leave A Comment