ജില്ലാ വാർത്ത

സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരിയുടെ മരണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നാലുവയസ്സുകാരി  മരിച്ച കേസിലെ ദുരൂഹത നീക്കണമെന്ന് കുടുംബം. ഒളിവിൽ പോയ ഒന്നാം പ്രതിയായ പ്രിൻസിപ്പലിനെ ഉടൻ കണ്ടെത്തണമെന്നും മുത്തച്ഛൻ ടോമി ജോസഫ് ആവശ്യപ്പെട്ടു. ജന്മനാടായ കോട്ടയം പൊന്തൻപുഴയിൽ എത്തിച്ച ജിയന്നയുടെ മൃതദേഹം സംസ്കരിച്ചു. നാലുവയസുവരെ ഓടിക്കളിച്ച വീട്ടുമുറ്റത്തേക്ക് ജിയന്ന തിരികെ എത്തിയപ്പോൾ കണ്ണീരടക്കാനാവാതെ കുടുംബാംഗങ്ങൾ വിതുമ്പി. 

കുട്ടി ഓടി കളിക്കുന്നതിനിടെ സ്‌കൂളിലെ ചുവരില്‍ തലയിടിച്ചു തെറിച്ചു നിലത്തു വീണെന്നും നിര്‍ത്താതെ ഛര്‍ദിക്കുകയാണെന്നുമാണ് തിങ്കളാഴ്ച ഉച്ചയ്‌ക്ക് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ച് അറിയിച്ചത്. ഉടന്‍ സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ കണ്ടത് തലയ്‌ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെയാണ്. കുട്ടികളെ നോക്കാൻ അധികൃതർ ഏൽപ്പിച്ച ആയമാര്‍ ശ്രദ്ധിക്കാതായതോടെ കുട്ടി സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ എത്തുകയും അവിടെ നിന്ന് വീഴുകയുമാണ് ഉണ്ടായതെന്ന് ജിയന്നയുടെ അച്ഛന്‍ ജിറ്റൊ ടോമി ജോസഫ് ആരോപിച്ചു.

Leave A Comment