പീച്ചി ഡാം തുറന്നതില്‍ ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍: മഴ കനത്തതിനെത്തുടര്‍ന്നു ജുലൈയില്‍ പീച്ചി ഡാം തുറന്നതില്‍ ഗുരുതര വീഴ്ചയെന്ന് തൃശൂര്‍ സബ് കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. റൂള്‍ കര്‍വ് പ്രകാരം നേരത്തെ കുറഞ്ഞ അളവില്‍ വെള്ളം തുറന്നുവിടാതിരുന്നതു മൂലം ഒറ്റയടിക്ക് ഷട്ടര്‍ ഉയര്‍ത്തി പ്രളയസമാനമായ സാഹചര്യം ഉണ്ടാക്കിയെന്ന്, കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു. ഇറിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്നാണ് സബ് കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ജുലൈ 29 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഡാം തുറന്നത് ആറിഞ്ച് മാത്രമാണ്. 15 മണിക്കൂറിനിടെ നാലു ഷട്ടറുകളും 72 ഇഞ്ച് വീതം തുറന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ തുറന്നത്. ഡാം തുറന്നപ്പോള്‍ മണലി പുഴയുടെ തീരത്തുള്ള ആയിരക്കണക്കിന് വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു.അശാസ്ത്രീയമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതതെന്നും ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുക, നഷ്ടപരിഹാരം വിതരണം ചെയ്യുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരികള്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചിരുന്നു.
Leave A Comment