ജില്ലാ വാർത്ത

തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ; നാളെ ജില്ലാ കോടതിയിൽ അപ്പീൽ നൽകും

കൊച്ചി: 14ദിവസത്തേക്ക് റിമാൻഡിലായ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു. ജയിലിലേക്ക് കടക്കവേ തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രക്ത സമ്മർദ്ദം ഇപ്പോൾ ശരിയായ നിലയിലായെന്നും നാളെ ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്നും ബോബി പറഞ്ഞു.

അതേ സമയം കോടതി ഉത്തരവിന്‍റെ വിശദാംശങ്ങൾ പുറത്ത് വന്നു. ബോബി ചെമ്മണൂരിനെതിരായി രജിസ്റ്റർചെയ്ത കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി. ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി തള്ളിയ ഉത്തരവിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട്- ഇക്കാര്യം വ്യക്തമാക്കുന്നത്. അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചു.

ഹണി റോസിനെതിരായ ദ്വയാര്‍ഥ പ്രയോഗം അശ്ലീലച്ചുവയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതാണ്. കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണ്. വലിയ വ്യവസായി ആയതിനാല്‍ നാടുവിടാന്‍ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.

ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ 14 ദിവസത്തേക്കാണ് ബോബി ചെമ്മണൂരിനെ കോടതി റിമാന്‍ഡ് ചെയ്തത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജഡ്ജി എ. അഭിരാമിയാണ് കേസ് പരിഗണിച്ചത്. ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

Leave A Comment