ജില്ലാ വാർത്ത

പാലയാട് ക്യാമ്പസിലെ സംഘര്‍ഷം: അലന്‍ ഷുഹൈബിനെ വിട്ടയച്ചു

കണ്ണൂര്‍ :പാലയാട് ക്യാമ്പസിലെ സംഘര്‍ഷത്തില്‍ ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അലന്‍ ഷുഹൈബിനെ വിട്ടയച്ചു.ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിന്‍ സുബിനെ റാഗ് ചെയ്‌തെന്ന പേരില്‍ എസ്‌എഫ്‌ഐയും അലന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളുമാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

തന്നെയും കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ബദറുദ്ദീനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ഥി നിഷാദിനെയും എസ്‌എഫ്‌ഐ മര്‍ദ്ദിച്ചെന്നാണ് അലന്‍റെ ആരോപണം. അതേസമയം, അഭിനെ അലനും സംഘവും റാഗ് ചെയ്‌തെന്നും ഇത് ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നും എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പറഞ്ഞു.

ബുധനാഴ്ച രാവിലെ മുതല്‍ പാലയാട് ക്യാമ്പസിൽ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
അതേ സമയം അലന്‍ ഷുഹൈബും സംഘവും ഒന്നാം വര്‍ഷ വിദ്യര്‍ത്ഥിയായ അഭിന്‍ സുബിനെ അകാരണമായി മര്‍ദ്ദിച്ചെന്ന് എസ്‌എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സഞ്ജീവ് പറഞ്ഞു. വിദ്യാര്‍ത്ഥി പരുക്കേറ്റ് കണ്ണൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ആയിട്ട് ഇവര്‍ക്ക് ബന്ധമുണ്ടെന്നും എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആരോപിച്ചു.

”എസ്‌എഫ്‌ഐയിലേക്ക് പുതിയതായി കടന്നുവരുന്ന വിദ്യാര്‍ത്ഥികളെ അക്രമിച്ച്‌ കീഴ്‌പ്പെടുത്തുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ച്‌ വരുന്നത്. ശേഷം എസ്‌എഫ്‌ഐ തിരിച്ച്‌ ആക്രമിച്ചെന്ന് പറഞ്ഞ് ഒരു ഇരവാദം മുഴക്കി വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. അലന്‍ ഷുഹൈബ് ഏതെങ്കിലും സംഘടനയുടെ ഭാഗമാണെന്ന് തോന്നുന്നില്ല. എന്നാല്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ചേര്‍ന്ന് നിന്ന് അവര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും അയാള്‍ പങ്കെടുക്കാറുണ്ട്. പിഎഫ്‌ഐ നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരെയുള്ള പരിപാടിയില്‍ പങ്കെടുത്തതായി കണ്ടു,” സഞ്ജീവ് പറഞ്ഞു.

Leave A Comment