ജില്ലാ വാർത്ത

കൊച്ചിയിൽ മരത്തിന് മുകളില്‍ കയറിക്കൂടിയ കൂറ്റന്‍ പെരുമ്പാമ്പ് താഴെ വീണു, പിടികൂടി

കൊച്ചി: എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന് സമീപത്തുള്ള പ്രീമെട്രിക് ഹോസ്റ്റൽ വളപ്പിലെ മരത്തിന് മുകളില്‍ കയറിക്കൂടിയ കൂറ്റന്‍ പെരുമ്പാമ്പിനെ ഒടുവിൽ പിടികൂടി. പാമ്പ് മരത്തിൽ നിന്ന് താഴെ വീണതോടെയാണ് പിടികൂടിയത്.വടി ഉപയോ​ഗിച്ച് പാമ്പിരുന്ന മരത്തിന്റെ മറ്റൊരു ചില്ലയിൽ ശബ്ദമുണ്ടാക്കുകയും പാമ്പിനെ താഴേക്ക് എത്തിക്കുകയുമായിരുന്നു. 

മരത്തിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ തൽക്കാലം പിടിക്കേണ്ടെന്നായിരുന്നു വനം വകുപ്പ് തീരുമാനമെടുത്തിരുന്നത്. വെള്ളം മരത്തിനു മുകളിലേക്ക് പമ്പ് ചെയ്ത് താഴെ ഇറക്കാൻ ശ്രമിച്ചാൽ പാമ്പിന് അപകടമാകുമെന്ന വിലയിരുത്തലിലാണ് പാമ്പ് താഴെയിറങ്ങും വരെ കാത്തിരിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. പാമ്പിനെ നിരീക്ഷിക്കാൻ വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറെയും ചുമതലപ്പെടുത്തിയിരുന്നു. സ്നേക്ക് റെസ്ക്യൂവറാണ് ചില്ലയിൽ ശബ്ദമുണ്ടാക്കി പാമ്പിനെ താഴേക്ക് എത്തിച്ചത്.

രാവിലെ റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളില്‍ പാമ്പിനെ കണ്ടത്. പെരുമ്പാമ്പ് മരത്തിലേക്ക് ഇഴഞ്ഞു കയറുന്നതാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടത്. സമീപത്തുള്ള കടക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

ഇത്തരം പെരുമ്പാമ്പുകള്‍ നഗരത്തിലേക്ക് എത്തുക പതിവില്ല. സാധാരണ കിഴക്കന്‍ മലവെള്ളത്തില്‍ ഒഴുകിവരാറുണ്ട്. കായലിലൂടെ എത്തുന്ന ഇവ വേലിയേറ്റ സമയത്താണ് കരക്കടിയുന്നത്. പലപ്പോഴായി പെരുമ്പാമ്പിനെ ഇവിടങ്ങളില്‍ കാണാറുണ്ട്.എന്നാല്‍ ഇത്ര വലിയ പെരുമ്പാമ്പ് എങ്ങനെയാണ് എത്തിയതെന്ന സംശയത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. 

ഒഴുക്കില്‍പെട്ട് എത്തിയതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. പാമ്പിനെ വനമേഖലയില്‍ വിടാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Leave A Comment