നെടുമ്പാശേരിയിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപ വില വരുന്ന സ്വർണം പിടികൂടി.
ജിദ്ദയിൽനിന്നും കുവൈറ്റ് വഴി ജസീറ എയർ വിമാനത്തിൽ എത്തിയ യാത്രക്കാരനിൽനിന്ന് 1059.55 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. ഇതിന് 50 ലക്ഷം രൂപയോളം വിലവരും. കാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. നാല് സ്വർണ കാപ്സ്യൂളുകളാണ് ഇയാളിൽ നിന്നും പിടികൂടിയത്.
ഗ്രീൻ ചാനൽ വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തിരിച്ച് വിളിച്ച് വിശദമായി ചോദ്യം ചെയ്തത്.
ദുബായിൽനിന്നും എത്തിയ മറ്റൊരു യാത്രക്കാരനും സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസിന്‍റെ പിടിയിലായി. പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാളിൽ നിന്നും 1156.52 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്.
ഇതിൽ നിന്നും ലഭിച്ച സ്വർണത്തിന് 49.5 ലക്ഷം രൂപ വില വരും. ഇയാളും നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇരു സംഭവങ്ങളിലും കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവ തമ്മിൽ പരസ്പര ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്വർണത്തിന് ആഭ്യന്തര വിപണിയിൽ വില വർദ്ധിച്ചതോടെ സ്വർണ കള്ളക്കടത്തും മുൻ കാലങ്ങളെ അപേക്ഷിച്ച് കൂടി വരുന്നതായാണ് റിപ്പോർട്ട്.
Leave A Comment