ജില്ലാ വാർത്ത

തൃശൂർ പൂര പ്രദര്‍ശന നഗരിയുടെ തറവാടകയെച്ചൊല്ലി വിവാദം

തൃശൂർ: പൂര പ്രദര്‍ശന നഗരിയുടെ വാടകയെച്ചൊല്ലി വിവാദം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തറവാടക കൂട്ടി ചോദിച്ചതോടെയാണ് ദേവസ്വങ്ങള്‍ എതിര്‍പ്പറിയിച്ചത്. എന്നാല്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് പുതിയതായി ചുമതലയേറ്റ ദേവസ്വം പ്രസിഡന്‍റ് ഡോ.എം.കെ.സുദർശനൻ അറിയിച്ചു.

കൊച്ചിൻ ദേവസ്വം ബോ‍ർഡിന് കീഴിലുള്ള തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലാണ് പൂര പ്രദർശനം നടക്കുന്നത്. രണ്ട് ലക്ഷത്തി 64ആയിരം സ്ക്വയർ ഫീറ്റ് സ്ഥലം രണ്ട് മാസത്തേക്കാണ് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായി വാടകക്ക് എടുക്കുന്നത്. പ്രദർശനത്തിൽ നിന്ന് കിട്ടുന്ന വരുമാനമാണ് പൂരത്തിന്‍റെയും ഘടക പൂരങ്ങളുടെയും ചെലവ് നടത്താൻ പ്രധാനമായി ഉപയോഗിക്കുന്നത്. വാടക സംബന്ധിച്ച് ഇരുകൂട്ടരും കഴിഞ്ഞ ദിവസം ചർച്ച നടത്തി. 20 കോടി രൂപ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടെന്നാണ് പ്രദർശന കമ്മിറ്റിയുടെ ആരോപണം. എന്നാൽ ചുമതലയേറ്റ പ്രസിഡന്‍റ് എംകെ സുദർശനൻ ഇത് നിഷേധിച്ചു.

 കോടതിയുടെ പരിഗണനയിലാണ് വിഷയം, അതനുസരിച്ചേ തീരുമാനം ഉണ്ടാവുകയുള്ളുവെന്നും ദേവസ്വം ബോർഡ് അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോ‍ർഡിന്‍റെ ലോക്കൽ ഓഡിറ്റിംഗ് നടന്നപ്പോഴുണ്ടായ നിരീക്ഷണത്തിലാണ് വിഷയം കോടതിയിലെത്തിയത്. കോടതിയുടെ നിർദ്ദേശം അനുസരിച്ച് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുമായും പൂരം പ്രദർശന കമ്മിറ്റിയുമായും തുടർ ചർച്ച ചെയ്ത് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.

Leave A Comment