ജില്ലാ വാർത്ത

മഹാശിലായുഗത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തി

കാസര്‍ഗോഡ്: മഹാശിലായുഗത്തിന്റെ അടയാളം രേഖപ്പെടുത്തിയ അപൂര്‍വ്വ ഉപകരണങ്ങള്‍ കാസര്‍കോട് ചീമേനി മേഖലയില്‍ നിന്ന് കണ്ടെത്തി. സംസ്ഥാന പുരാവസ്തു വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പര്യവേഷണത്തിലാണ് കണ്ടെത്തല്‍.

ചീമേനി, പോത്താംകണ്ടം, ചെറുപുഴ ഭാഗങ്ങളിലാണ് മഹാശിലായുഗത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയത്. മുമ്പും പ്രദേശത്ത് ശിലാവസ്തുക്കള്‍ കണ്ടെത്തിയിരുന്നെങ്കിലും കൂടുതല്‍ ഉപകരണങ്ങളും കല്‍വൃത്തങ്ങളും കണ്ടെത്തുന്നത് ഇപ്പോഴാണ്. മഹാശിലാ സ്മാരകങ്ങളില്‍ നിന്ന് അപൂര്‍വ്വമായി മാത്രം കിട്ടുന്ന ചുണ്ടുള്ള കോപ്പ പോത്താംകണ്ടത്ത് നിന്ന് കണ്ടെത്തി. ചീമേനി മുത്തന്നംപാറയില്‍ കരിങ്കല്ലില്‍ നിര്‍മ്മിച്ച കല്‍വട്ടത്തോട് കൂടിയ പെട്ടിക്കല്ലറയും കണ്ടെത്തി. ഇവിടെ ചെങ്കല്ലില്‍ നിര്‍മ്മിച്ച കല്‍വട്ടവുമുണ്ട്. അരിയിട്ടപാറയില്‍ നിന്ന് പാറകളില്‍ കോറിയ മനുഷ്യ രൂപങ്ങളും കാളകളുടെ മുഖങ്ങളും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന പുരാവസ്തു വിഭാഗം പര്യവേഷണം നടത്തുന്നത്.

കോഴിക്കോട് പഴശിരാജ മ്യൂസിയം ഓഫീസര്‍ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചീമേനി പ്രദേശത്ത് പര്യവേഷണം നടത്തുന്നത്. പുതിയ കണ്ടെത്തലുകള്‍ ചരിത്ര ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Leave A Comment