റിഫൈനറിക്ക് മുന്നിൽ രാത്രി കൈക്കുഞ്ഞുമായി അമ്മയുടെ പ്രതിഷേധം
അമ്പലമേട് : റിഫൈനറി ഫ്ലയർസ്റ്റാക്കിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധവും ശബ്ദമലിനീകരണവും ശക്തമായ തീ ഗോളവും പൊടിയും മൂലം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നില്ലന്നാരോപിച്ച് യുവതി കൈക്കുഞ്ഞുമായി കുടുംബസമേതം റിഫൈനി ഗേറ്റിൽ പ്രതിഷേധിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നിനാണ് പ്രതിഷേധിച്ചത്.
കാവുനാകുഴി രാജേഷിന്റെ ഭാര്യ സുമി രാജേഷ് ആണ് സമരവുമായി എത്തിയത്. ഒമ്പത് മാസം പ്രായമായ കൈക്കുഞ്ഞിന് രാത്രി ഉറങ്ങാനാവുന്നില്ലെന്ന് ഇവർ പറഞ്ഞു.
ഏറ്റിക്കര റിഫൈനറി മതിലിനോട് ചേർന്നാണ് ഇവർ താമസിക്കുന്നത്. റിഫൈനറിയുടെ മതിലും ഇവരുടെ വീടും അടുത്താണ്. ഇത്തരത്തിൽ 12 വീട്ടുകാർ ഇവിടെ താമസിക്കുന്നുണ്ട്. ഇവരിൽ പലരും അസുഖബാധിതരാണ്.
ശബ്ദമലിനീകരണം, ദുർഗന്ധം എന്നിവ ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പ് കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ മറ്റ് നടപടികൾ ഒന്നും ഇല്ലാതായതോടെയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. 50 -ഓളം വീട്ടുകാരാണ് ഏറ്റിക്കര മേഖലയിൽ താമസിക്കുന്നത്. ഇവരെല്ലാവരും തങ്ങളുടെ ഭൂമി കമ്പനി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്.
Leave A Comment