ജനാഭിമുഖ കുർബാനയേ അനുവദിക്കൂ; സർക്കുലർ കുപ്പത്തൊട്ടിയിലിട്ട് ഇടവക പ്രതിനിധികൾ
കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന ഉടൻ നടപ്പിലാക്കണമെന്നാവശ്യ പ്പെട്ട് മാർ ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സർക്കുലർ ബഹിഷ്കരിച്ച് ഇടവകകൾ. ഒട്ടേറെ ഇടവകകളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തതിനു ശേഷം സർക്കുലർ നഗരസഭയുടെ കുപ്പത്തൊട്ടിയിലിട്ടു. എറണാകുളം അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂ എന്ന് പ്രതിജ്ഞ ചെയ്തു. എറണാകുളം അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ ബസിലിക്ക കൂട്ടായ്മ, പീപ്പിൾ ഓഫ് ഗോഡ്, കെ.സി.വൈ.എം., സി.എം.എൽ., സി.എൽ.സി., വിൻസെന്റ് ഡി പോൾ, ഡി.സി.എം.എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിനിധി സംഗമം. അതിരൂപതയിലെ മുഴുവൻ ഇടവകകളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.
അതിരൂപതയിലെ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂ എന്ന് പ്രമേയം പാസാക്കി അതിന്റെ പകർപ്പ് മാർ ആൻഡ്രൂസ് താഴത്തിന് നൽകിയിട്ടും അത് പരിഗണിക്കാതെ സിനഡ് കുർബാന അടിച്ചേൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു. മുന്നൂറ് ഇടവകകളിൽനിന്ന് 1500 പ്രതിനിധികൾ പങ്കെടുത്തു.
ഫാ. സെബാസ്റ്റ്യൻ തളിയൻ ഉദ്ഘാടനം ചെയ്തു. ഡോ. കുരിയാക്കോസ് മുണ്ടാടൻ ആമുഖസന്ദേശം നൽകി. ഷൈജു ആന്റണി വിഷയാവതരണം നടത്തി. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ് പ്രമേയം അവതരിപ്പിച്ചു. ബസിലിക്ക കൂട്ടായ്മ കൺവീനർ തങ്കച്ചൻ പേരയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ സി.എൽ.സി. പ്രസിഡന്റ് അനിൽ പാലത്തിങ്കൽ, സി.എം.എൽ. പ്രസിഡന്റ് തോമസ് ഇടശേരി, ഡി.സി.എം.എസ്. പ്രസിഡന്റ് മാർട്ടിൻ, കെ.സി.വൈ.എം. പ്രസിഡന്റ് ടിജോ പടയാട്ടിൽ, റിജു കാഞ്ഞൂക്കാരൻ, ജോൺ കല്ലൂക്കാരൻ, പ്രകാശ് പി. ജോൺ, തോമസ് കീച്ചേരി, നിമ്മി ആന്റണി എന്നിവർ പ്രസംഗിച്ചു.
Leave A Comment