ശ്മശാനത്തിൽ മൃതദേഹം അടക്കം ചെയ്യാൻ അനുമതി നൽകിയില്ല ; മറ്റത്തൂരിൽ കോൺഗ്രസ്സും സിപിഎമ്മും നേർക്കുനേർ
കൊടകര :മറ്റത്തൂർ പഞ്ചായത്ത് വക പൊതുശ്മശാനത്തിൽ
മൃതദേഹം സംസ്കരിക്കാൻ പഞ്ചായത്തധികൃതർ അനുമതി നിഷേധിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പഞ്ചായത്തോഫിസിനു മുന്നിൽ ചിതയൊരുക്കി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം പുതുക്കാട് ട്രയിൻ തട്ടി മരിച്ച അവിട്ടപ്പിള്ളി സ്വദേശിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഡിസിസി ജന.സെക്രട്ടറി ടി.എം. ചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.
അതേസമയം, മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട് മറ്റത്തൂരിൽ കോണ്‍ഗ്രസ് നടത്തിയത് സമരാഭാസമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പ്രസ്താവനയിൽ പറഞ്ഞു.
വിഷയത്തിൽ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. 17-ാം വാർഡിൽ മരണപ്പെട്ടയാളുടെ മൃതദേഹം കൊരട്ടി ശ്മശാനത്തിൽ സംസ്കരിക്കാൻ സാക്ഷ്യപത്രം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് സമീപിക്കുകയും അത് നൽകുകയും ചെയ്തിരുന്നു. എന്നാൽ മാങ്കുറ്റിപ്പാടത്തെ നിർമാണം പുരോഗമിക്കുന്ന ക്രിമിറ്റോറിയത്തിൽ സംസ്കാരിക്കാം എന്ന് മരണമടഞ്ഞയാളുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് സാക്ഷ്യപത്രത്തിനായി വീണ്ടും പഞ്ചായത്തിനെ സമീപിച്ചപ്പോൾ നൽകാനാവില്ല എന്നറിയിച്ച് മടക്കിവിടുകയായിരുന്നു. ആധുനിക ക്രിമിറ്റോറിയം നിർമാണം ആരംഭിച്ചതിനുശേഷം നിരവധി തവണ നിർമാണ പ്രവർത്തനങ്ങൾ തടസപ്പടുത്തുന്ന പ്രവർത്തനങ്ങൾ 13-ാം വാർഡ് മെംബറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതായി പ്രസിഡന്റ് പ്രസ്താവനയിൽ ആരോപിച്ചു.
2018ൽ നിർമാണം തുടങ്ങിയശേഷം നാളിതുവരെ ശ്മശാനത്തിൽ സംസ്കാരം നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും സാക്ഷ്യപത്രങ്ങൾ നൽകുന്നത് ജാതിയോ, മതമോ നോക്കിയിട്ടല്ലെന്നും ജനങ്ങളുടെ ഇടയിൽ ജാതി സ്പർധ ഉണ്ടാക്കുന്നതിന് ഗൂഡാലോചന നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
Leave A Comment