കുസാറ്റിലേക്ക് യൂത്ത് കോൺ. മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രഫസർ നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കുസാറ്റ് വൈസ് ചാൻസലറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എംജി സർവകലാശാലാ പിവിസി ഡോ. സി.ടി. അരവിന്ദകുമാറിന്റെ ഭാര്യ ഡോ. ഉഷയ്ക്ക് കുസാറ്റിൽ ചട്ടവിരുദ്ധമായി നിയമനം നൽകിയെന്ന വിവരം പുറത്തുവന്നതിനെ തുടർന്നായിരുന്നു പ്രതിഷേധം.
വർഷങ്ങളുടെ സർവീസും മികച്ച അക്കാഡമിക് യോഗ്യതയുമുള്ളവരെ പിന്തള്ളിയാണ് എംജിയിൽ ഗസ്റ്റ് അധ്യാപിക മാത്രമായ ഉഷയ്ക്ക് കുസാറ്റ് വിസി അധ്യക്ഷനായ അഭിമുഖ സമിതി ഒന്നാം റാങ്ക് നൽകിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
യൂത്ത് കോൺഗ്രസ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. റസീഫ് അടമ്പയിൽ, അഷ്കർ പനയപ്പിള്ളി, എം.എ. വഹാബ്, വി.കെ. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment