അനധികൃത കെട്ടിട നിർമാണത്തിന് അനുമതി !നഗരസഭാ ഉദ്യോഗസ്ഥർക്കെതിരേ നടപടി
കളമശേരി: കളമശേരി നഗരസഭയിൽ അനധികൃതമായി കെട്ടിടം നിർമാണത്തിന് അനുമതി നൽകിയ എൻജിനീയറിംഗ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിജിലൻസ് (എൽഎസ് ഇ ഡി ) തിരുവനന്തപുരം ഉത്തരവിട്ടു.കളമശേരി നഗരസഭ അസിസ്റ്റന്റ് എൻജിനീയർ, റിട്ടയേർഡ് ഫസ്റ്റ് ഗ്രേഡ് ഓവർസീയർ എന്നിവർക്കും കെട്ടിടം പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് ഉടമയ്ക്കെതിരെയുമാണ് നടപടിയായിട്ടുള്ളത്.
കളമശേരി നഗരസഭ ഇരുപത്തിരണ്ടാം വാർഡിൽ പുന്നക്കാട്ടുമൂല കവലയിലാണ് അനധികൃത കെട്ടിട നിർമാണം. വാട്ടർ അഥോറിറ്റിയുടെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയാണ് വ്യവസായ ആവശ്യത്തിന് കെട്ടിടം നിർമിച്ചിട്ടുള്ളത്.
സ്ഥലം ഉടമ കെട്ടിട അനുമതി വാങ്ങിയ ശേഷം അടുത്ത ആളിന് സ്ഥലം വില്ക്കുകയായിരുന്നു.
വാങ്ങിയ ആൾ കെട്ടിടം പണിത ശേഷം അടുത്ത ബന്ധുവിന് മറിച്ച് വില്പന നടത്തി. നഗരസഭയിൽ വ്യാജരേഖ സമർപ്പിച്ചാണ് കെട്ടിട നിർമാണത്തിന് അനുമതി വാങ്ങിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനെതിരെ നഗരസഭ യിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പൊതുപ്രവർത്തകനായ ഗിരീഷ് ബാബു വിജിലൻസിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തി അനധികൃതമാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ്ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.
Leave A Comment