അമേരിക്കയിൽ നിന്ന് പോകരുത്'; H1B വിസക്കാരായ ജീവനക്കാരോട് കർശന നിർദേശവുമായി ടെക് കമ്പനികള്‍
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെ എച്ച് 1 ബി വിസക്കാരായ ജീവനക്കാര്‍ക്ക് അമേരിക്ക വിടരുതെന്ന നിര്‍ദേശം നല്‍കി മൈക്രോ സോഫ്റ്റും മെറ്റയും ഉള്‍പ്പെടെയുള്ള യുഎസ് ടെക് ഭീമന്മാര്‍. ചുരുങ്ങിയത് പതിന്നാലു ദിവസത്തേക്കെങ്കിലും അമേരിക്ക വിടരുതെന്നാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ടെക് കമ്പനികളുടെ നിര്‍ദേശമെത്തിയിരിക്കുന്നത്.നിലവില്‍ അമേരിക്കയ്ക്ക് പുറത്തുള്ള ജീവനക്കാരോട് 24 മണിക്കൂറിനുള്ളില്‍ മടങ്ങിവരാനും കമ്പനികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. റീ എന്‍ട്രി നിഷേധിക്കപ്പെടാതിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഈ നിര്‍ദേശം കൊടുത്തിട്ടുള്ളത്.സര്‍ക്കാര്‍ നീക്കത്തിന്റെ പ്രായോഗികതയെക്കുറിച്ച് വ്യക്തത വരുന്നിടംവരെ എച്ച് 1 ബി വിസക്കാരോടും എച്ച് 4 സ്റ്റാറ്റസുകാരോടും ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും യുഎസില്‍ തുടരാന്‍ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ യുഎസിന് പുറത്ത് താമസിക്കുന്നവരോട് 24 മണിക്കൂറിനകം മടങ്ങിയെത്താനും മെറ്റ നിര്‍ദേശിച്ചിട്ടുണ്ട്.റീ എന്‍ട്രി നിഷേധിക്കപ്പെടാതിരിക്കാന്‍ ജീവനക്കാര്‍ യുഎസില്‍ തന്നെ തുടരണമെന്ന കര്‍ശന നിര്‍ദേശമാണ് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ യുഎസിന് പുറത്തുള്ള ജീവനക്കാര്‍ മടങ്ങിയെത്തുന്നതാകും നല്ലതെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.
Leave A Comment