അന്തര്‍ദേശീയം

തുർക്കിയിൽ 20,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്ന് റിപ്പോർട്ടുകൾ

അങ്കാറ: തുര്‍ക്കിയിലെയും സിറിയയിലെയും അതിശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ എണ്ണായിരത്തിലേക്ക് അടുക്കുന്നു. ഇതുവരെ 7,900ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 20,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.

തകർന്നടിഞ്ഞ ആയിരക്കണക്കിനു കെട്ടിടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്. തുർക്കിയിലും സിറിയയിലുമായി പത്തുലക്ഷം കുട്ടികളടക്കം 2.3 കോടി ജനങ്ങളാണ് ഭൂകന്പത്തിന്‍റെ കെടുതികൾ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അദാന കേന്ദ്രീകരിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവര്‍ക്ക് വേണ്ടി പ്രത്യേക ക്യാമ്പുകള്‍ തയാറാക്കിയിരിക്കുന്നതും അദാനയിലാണ്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇരുപത്തയ്യായിരത്തോളം രക്ഷാപ്രവർത്തകരാണ് ഭൂകന്പം നാശം വിതച്ച മേഖലകളിൽ ജീവന്‍റെ തുടിപ്പുകൾ തേടുന്നത്.

അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൻ ഭൂകന്പത്തെത്തുടർന്ന് അമ്പതോളം തുടർചലനങ്ങളാണുണ്ടായത്. തുർക്കിയിൽ മാത്രം 6000 കെട്ടിടങ്ങൾ തകർന്നടിഞ്ഞു.

Leave A Comment