പീച്ചിഡാമിൽ ജലനിരപ്പ് ഉയർന്നു
പട്ടിക്കാട്: പീച്ചിഡാം റിസർവോയറിലെ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ഒരാഴ്ച പെയ്ത മഴയെ തുടർന്നാണു ജലനിരപ്പ് കൂടുതലായി ഉയർന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടർന്നാൽ ഡാം തുറക്കാൻ സാധ്യതയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12ന് 77.03 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. സ്റ്റോറേജ് ലെവലിൽ 66.331 മില്യണ്‍ മീറ്റർ ക്യൂബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്ക് അനുസരിച്ച് 70 ശതമാനമാണ് ഡാമിലെ ജലനിരപ്പെന്നു പീച്ചി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അർജുൻ അറിയിച്ചു.
22.89 ക്യൂബിക് മീറ്റർ ജലമാണു നിലവിൽ ഡാമിൽ ഒഴുകിയെത്തുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസം 74.66 ആയിരുന്നു ഡാമിലെ ജലനിരപ്പ്. 2.37 മീറ്റർ ജലം കഴിഞ്ഞ വർഷത്തേക്കാൾ അധികം ഡാമിലുണ്ട്. 79.25 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. ഇത് 78 മീറ്ററിൽ ബ്ലൂ അലർട്ടും 78.30 മീറ്ററിൽ യെല്ലോ അലർട്ടും 78.60 മീറ്ററിൽ റെഡ് അലർട്ടുമാണു നൽകുക. ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ ഇടവിട്ട് എടുക്കുന്ന വെള്ളത്തിന്റെ അളവ് അതാതു സമയങ്ങളിൽ ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നുണ്ടെന്നും എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
Leave A Comment