കേരളം

ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിക്കാൻ സര്‍ക്കാരിന്റെ ശ്രമം, അത് നടക്കില്ല: ഗവര്‍ണര്‍ ആരിഫ് ഖാൻ

കൊച്ചി: തന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പക്ഷേ അത് നടക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിസി നിയമന വിവാദത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം നിരുത്തരവാദപരമെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല.

രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടതെന്നും ഭരണഘടനയോടാണ് വിധേയത്വം കാണിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചിയിൽ ആ‍ര്‍എസ്എസ് സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് പരിപാടിയെ പറ്റി തനിക്ക് അറിവില്ല. തന്നെ ആരും ക്ഷണിച്ചിട്ടില്ല.

കണ്ണൂര്‍ വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിരപരാധിയാണ്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദേശ പ്രകാരമാണ്. എജിയുടെ അഭിപ്രായം നിരസിച്ചില്ലെന്നതാണ് താൻ ചെയ്ത ഏക തെറ്റ്. അപ്പോഴും തന്റെ അഭിപ്രായം ഇതല്ലെന്ന് പറഞ്ഞു. പക്ഷെ തൻറെ കൈ ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. 

ഉന്നത വിദ്യാഭ്യാസ മന്ത്രി ഉപകരണം മാത്രമാണ്. സർക്കാറിന് പണമില്ലെന്ന് പറയുമ്പോഴും ക്ലിഫ് ഫൗസിൽ നീന്തൽകുളം നവീകരിക്കുകയാണ്. രാജ്ഭവനിൽ നീന്തൽക്കുളമൊന്നുമില്ല. ബാഡ്മിന്റൺ കോര്‍ട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment