കേരളം

പോലീസിനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍.മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. കൂടാതെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പടെ 50ഓളം പേര്‍ക്ക് പരുക്കേറ്റു.

കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാ​ഗമായാണ് ജെഡിടി കോളജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ഇതിന്‍റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ഇതിനായി ഓണ്‍ലൈനായി ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നു. കൂടാതെ കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വില്‍പ്പനയുണ്ടായിരുന്നു. അവധിദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍പ്പേരെത്തിയതും അധിക ടിക്കറ്റുകള്‍ വിറ്റുപോയതും തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി.

ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത്രയുമധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ വേദിക്ക് കഴിയാതെവന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. രാത്രി എട്ടോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ടിക്കറ്റ് എടുത്തവര്‍ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളംവെക്കുകയായിരുന്നു. ഇത് തടയാന്‍ പൊലീസും വൊളന്റിയര്‍മാരും ശ്രമിച്ചു. എട്ടു പോലീസുകാരായിരുന്നു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ജനക്കൂട്ടം പൊലീസിനെ തള്ളിമാറ്റാന്‍ ശ്രമിച്ചു. പോലീസുകാര്‍ക്കുനേരെ കുപ്പിയില്‍ മണല്‍ നിറച്ച്‌ പൊലീസിന് നേരെ എറിഞ്ഞു. പോലീസ് ലാത്തിവീശാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വിരണ്ടോടി.

ബാരിക്കേഡുകള്‍ തകര്‍ത്ത് സംഗീതപരിപാടി നടക്കുന്ന സ്റ്റേജിനരികിലേക്ക് ജനങ്ങള്‍ ഇരച്ചെത്തിയതോടെ ഇവിടെ ഉന്തും തള്ളും തിരക്കുമുണ്ടായി. ചവിട്ടേറ്റും ശ്വാസംകിട്ടാതെയും പലരും കുഴഞ്ഞുവീഴുകയായിരുന്നു. പരിപാടിക്കെത്തിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ തിരക്കിനിടയില്‍ വീണുപോവുകയായിരുന്നു. അതിനിടയില്‍ പരിപാടി നിയന്ത്രിക്കുന്ന വൊളന്റിയര്‍മാരായ വിദ്യാര്‍ഥികളെയും ജനക്കൂട്ടം ആക്രമിച്ചു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേര്‍ സ്ഥലത്തെത്തി.

സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ എട്ടു പോലീസുകാരും വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവര്‍ ഗവ. ബീച്ച്‌ ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സതേടി. പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയര്‍ അധികൃതര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. അതേസമയം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നല്‍കിയതെന്ന് കോര്‍പറേഷന്‍ ഡൈപ്യൂട്ടി മേയര്‍ പ്രതികരിച്ചു

Leave A Comment