കേരളം

കാട്ടാനക്കൂട്ടത്തെ തുരത്താൻ 'വിക്രമും' 'ഭരതും'; തൃശ്ശൂർ പാലപ്പിള്ളിയിലേക്ക് കുങ്കിയാനകളെത്തുന്നു

തൃശ്ശൂർ: കാട്ടാന ശല്യം രൂക്ഷമായ  ചാലക്കുടി റേഞ്ചിലെ പാലപ്പിള്ളിയിലേക്ക് കുങ്കി ആനകളെ എത്തിക്കാൻ വനംവകുപ്പ്. വയനാട് മുത്തങ്ങയിൽ നിന്നുള്ള വിക്രം, ഭരത് എന്നീ ആനകളെ ആണ് പാലപ്പിള്ളിയിൽ എത്തിക്കുക. കാട്ടാനക്കൂട്ടം തുടർച്ചയായി ജനവാസ മേഖലകളിലെത്തുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നീക്കം. ഇക്കാര്യം വ്യക്തമാക്കി ചീഫ് വൈൽഡ്‍‍ലൈഫ് വാർഡൻ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം പാലപ്പിള്ളിയിലെ റബ്ബർ എസ്റ്റേറ്റിലാണ് കാട്ടാന കൂട്ടമിറങ്ങിയത്. 4 കുട്ടിയാനകളും 5 കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്.

 പുലര്‍ച്ചെ ആറരയോടെ റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് തോട്ടത്തില്‍ നിന്ന കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് വനപാലകരുമെത്തി. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചു. ആറു മണിക്കൂറിന് ശേഷമാണ് കാട്ടാനക്കൂട്ടം കാടുകയറിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഈ പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. തോട്ടത്തില്‍ കാട്ടാനകളിറങ്ങുന്നത് തുടർച്ചയായതോടെ ആശങ്കയിലാണ് തൊഴിലാളികള്‍.

Leave A Comment