കേരളം

അസംസ്‌കൃത സാധനങ്ങള്‍ക്ക്‌ വില കുതിക്കുന്നു ; നിര്‍മാണമേഖല സ്‌തംഭനത്തില്‍

കൊച്ചി: അസംസ്‌കൃത സാധനങ്ങള്‍ക്ക്‌ വില കുതിച്ചുകയറുന്നു. നിര്‍മാണമേഖല സ്‌തംഭനത്തില്‍. പ്രതിസന്ധി രൂക്ഷമായതോടെ നിര്‍മാണ മേഖലയില്‍ പണം മുടക്കുന്നതില്‍ നിന്ന്‌ വന്‍കിട പാര്‍പ്പിട നിര്‍മാതാക്കളടക്കം പിന്‍വാങ്ങി തുടങ്ങി. നോട്ട്‌ നിരോധനത്തിന്‌ ശേഷം നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്‌.

 സാധാരണക്കാരും അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുകയാണ്‌. 
ഇവര്‍ക്ക്‌ വീട്‌ നിര്‍മിക്കാനോ മറ്റ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയാത്ത സ്ഥിതിയാണ്‌. സര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനകളും നിക്ഷേപകരെയും സാധാരണക്കാരയും വലക്കുകയാണ്‌. ക്വാറികള്‍ക്ക്‌ റോയല്‍റ്റി ഫീസ്‌ വര്‍ധിപ്പിച്ചതോടെ കരിങ്കല്ല്‌, മെറ്റല്‍, മണല്‍ എം.സാന്റ തുടങ്ങി ഉല്പന്നങ്ങള്‍ക്കും വില ക്രമാതീതമായി ഉയരുകയാണ്‌.

 സാധാരണക്കാര്‍ക്കാണ്‌ ഇതുമൂലം ഏറെ ബുദ്ധിമുട്ട്‌ നേരിടുന്നത്‌. ക്വാറി വ്യവസായവുമായി ബന്ധപ്പെട്ട്‌ നൂറുമുതല്‍ രണ്ടായിരം രൂപ വരെയാണ്‌ ഫീസും പിഴത്തുകയും വര്‍ധിപ്പിച്ചതാണ്‌ നിര്‍മാണമേഖല പ്രതിസന്ധിയിലാക്കാന്‍ കാരണം. 
മുന്‍കാലങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്ന്‌ ജിയോളജി പാസും ജി.എസ്‌.ടി.യും അടച്ച്‌ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരാന്‍ കഴിയുമായിരുന്നു. നിലവില്‍ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരാന്‍ തടസമില്ലെന്ന്‌ അധികൃതര്‍ പറയുമ്പോഴും പ്രതിസന്ധി തുടരുന്നതായാണ്‌ വ്യവസായികളുടെ വാദം. ഇവിടെനിന്ന്‌ നിര്‍മാണ സാമഗ്രികള്‍ തമിഴ്‌നാട്ടിലേക്ക്‌ യഥേഷ്‌ടം കൊണ്ട്‌ പോകുന്നതായും ആക്ഷേപമുണ്ട്‌.

 സര്‍ക്കാര്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ്‌ ഫീസ്‌ വര്‍ധിപ്പിച്ചതും തിരിച്ചടിയായിട്ടുണ്ട്‌. ഇതു മൂലം സാധാരണക്കാരുടെ വീടെന്ന സ്വപ്‌നത്തിന്‌ കരിനിഴല്‍ വീഴുകയാണ്‌. നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്‌തമാണ്‌.

Leave A Comment