കുടുംബശ്രീ സംസ്ഥാന കലോത്സവം വെള്ളിയാഴ്ച മുതൽ തൃശ്ശൂരിൽ
തൃശ്ശൂർ : 2903 കുടുംബശ്രീ പ്രവർത്തകർ മാറ്റുരയ്ക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം വെള്ളിയാഴ്ച തൃശ്ശൂരിലാരംഭിക്കും. ‘അരങ്ങ് 2023’ ഒരുമയുടെ പലമ’ എന്ന് പേരിട്ടിരിക്കുന്ന കലോത്സവം മൂന്നുദിവസം നീണ്ടുനിൽക്കും. നാടൻകലകൾക്ക് പ്രാമുഖ്യം നൽകുന്ന കലോത്സവത്തിൽ 14 ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലിന് തൃശ്ശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി 5000 കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന ഘോഷയാത്ര ഉച്ചതിരിഞ്ഞ് മൂന്നിന് ആരംഭിക്കും.
കലോത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്ച ദേശീയ സെമിനാർ നടക്കും. പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ കെ. രതീഷ് കുമാർ, ഡോ. സജീവ്, ഡോ. ശ്രീജിത്ത്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്.സി. നിർമൽ എന്നിവർ പങ്കെടുത്തു.
Leave A Comment