കനത്ത മഴ തുടരുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം തിമിർത്ത് പെയ്യുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.10 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിൽ വന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് സിലബസ് സ്കൂളുകൾ, കോളജുകൾ തുടങ്ങി ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കാസർഗോഡ് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി.
മഴ കനത്തതിനെത്തുടർന്ന് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മുൻകരുതലുകൾ സ്വീകരിക്കണം. അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.
എറണാകുളം ജില്ലയിൽ കനത്ത മഴ സാധ്യതാ മുന്നറിയിപ്പിനെത്തുടർന്ന് മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരളതീരത്ത് 3.4 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു.
Leave A Comment