കേരളം

LDF നേട്ടം സൂചിപ്പിച്ച് മുഖ്യമന്ത്രി; 'ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസിലായിക്കാണുമല്ലോ'

കണ്ണൂർ: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ LDF നേട്ടം സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തെല്ലാം പറഞ്ഞിട്ടും ഫലം കണ്ടല്ലോ. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസിലായിക്കാണുമല്ലോ ? മുഖാമുഖം പരിപാടിയിൽ ആളെക്കൂട്ടാൻ പെടാപ്പാടെന്ന് ചിലർ വ്യാജവാർത്ത നൽകി.

ജനബാഹുല്യം കുറയ്ക്കാനാണ് പാട്. എന്തൊക്കെ അസത്യം പറഞ്ഞാലും ജനം വിവേചനപൂർവ്വം കാര്യങ്ങൾ മനസിലാക്കും. മാധ്യമങ്ങൾ നന്നാകുമെന്ന പ്രതീക്ഷയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ആദിവാസി- ദളിത് വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ കണ്ണൂരിലെ പ്രസംഗത്തിലാണ് വിമർശനം.

മാധ്യമങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങൾ കാര്യങ്ങളെ കാണുന്നത്. വിവേചന ബുദ്ധി ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. എന്തെല്ലാം എഴുതിയിട്ടും ഉപതെരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ജില്ലകളിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് കണ്ടുവരുന്നത്. യുവാക്കളോടും വിവിധ തുറകളിലുള്ളവരോടും നേരിട്ട് സംസാരിക്കുന്നു എന്ന വേറിട്ട ആശയം ജനങ്ങൾ ഒരേമനസോടെ ഏറ്റെടുത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment