കേരളം

ഒരു മത്തങ്ങയ്ക്ക് വില 47,000 രൂപ, ആവേശമായി ലേലം

ഇടുക്കി: മത്തങ്ങയ്ക്ക് 47,000 രൂപ വില. ആറു കിലോ തൂക്കം വരുന്ന മത്തങ്ങ പൊന്നും വില കൊടുത്തു വാങ്ങാനും മാത്രം എന്താണ് പ്രത്യേകത?ഒന്നുമില്ല. ഓണാഘോഷത്തിന്റെ ഭാ​ഗമായുള്ള ലേലം ആവേശക്കൊടുമുടി കയറിയതോടെയാണ് വന്‍ തുകയ്ക്ക് മത്തങ്ങ വിറ്റുപോയത്. ചെമ്മണ്ണാറിലെ ഓണാഘോഷത്തിന് നടത്തിയ ജനകീയ ലേലത്തിലാണ് സംഭവമുണ്ടായത്.

സംഘാടകരായ ചെമ്മണ്ണാര്‍ പൗരാവലിക്ക് സൗജന്യമായി ലഭിച്ച ആറു കിലോയുള്ള മത്തങ്ങയാണ് റെക്കോര്‍‍ഡ് തുകയ്ക്ക് വിറ്റുപോയത്. ഓണാഘോഷത്തിന്റെ ആവേശത്തില്‍ നാട്ടുകാര്‍ അരയും തലയും മുറുക്കി വാശിയോടെ ലേലത്തില്‍ പങ്കെടുക്കുകയായിരുന്നു. ലേലം വിളി കേട്ട് സംഘാടകര്‍ വരെ അമ്പരന്നു.

10 രൂപയിലാണ് ലേലം തുടങ്ങിയത്. ഉടുമ്പൻചോല സ്വദേശി സിബി ഏബ്രഹാമാണ് പൊന്നും വിലയുള്ള മത്തങ്ങ സ്വന്തമാക്കിയത്. ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. മാത്യു ചെറുപറമ്പിൽ മത്തങ്ങ കൈമാറി. താരമായ മത്തങ്ങയുമായി നൃത്തംചെയ്താണ് വിജയികള്‍ മടങ്ങിയത്. ആടും, കോഴിയും, പഴക്കുലയും വന്‍തുകയ്ക്ക് ലേലം കൊള്ളാറുണ്ടെങ്കിലും മത്തങ്ങയ്ക്ക് ഇത്രയും വിലകിട്ടുന്നത് ആദ്യമായാണെന്ന് സംഘാടകര്‍ പറഞ്ഞു.

Leave A Comment