കേരളം

വീണ്ടും തെരുവ് നായ ആക്രമണം; പട്ടാമ്പി വിളയൂരിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു

പട്ടാമ്പി: വിളയൂരിൽ യുവാവിനെ തെരുവ് നായ ആക്രമിച്ചു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. നിലത്തു വീണ യുവാവിന് സാരമായി പരിക്കേറ്റു. വിളയൂരിലും പരിസര പ്രദേശത്തും ആഴ്ചകൾക്ക് മുമ്പ് നിരവധി പേരെ തെരുവ് നായ കടിച്ചിരുന്നു. കണ്ണൂർ തളിപ്പറമ്പ് എഴാംമൈലിൽ വി​ദ്യാർത്ഥികളെ തെരുവുനായക്കൂട്ടം ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്.

 എഴാംമൈൽ സ്വദേശികളായ ഷബാസ് മൻസൂർ, സയാൻ സലാം എന്നിവരെയാണ് തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. അങ്ങേയറ്റം ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരുവോണ ദിവസമാണ് സംഭവം നടന്നത്. രാവിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി ഒരുമിച്ച് പോകുമ്പോഴാണ് തെരുവ് നായക്കൂട്ടം വിദ്യാർത്ഥികളെ ഓടിച്ചത്. ഭാ​ഗ്യംകൊണ്ട് മാത്രമാണ് വി​ദ്യാർത്ഥികൾ രക്ഷപ്പെട്ടത്.

രാത്രിയിൽ വീട്ടിലേക്ക് വരുകയായിരുന്ന ഒരു സ്ത്രീയെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. അതേസമയം ഇന്ന് തൃശ്ശൂർ : കോടന്നൂരിൽ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. തൃശ്ശൂർ പുത്തൻ റോഡ്  സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു. പരിക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂരിൽ തന്നെ, കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്ക് (35) ആണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈനിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave A Comment