കേരളം

മത്സ്യത്തൊഴിലാളികളുടെ നാലാംഘട്ട സമരം, ചർച്ചയ്ക്ക് തയ്യാറെന്നു സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ നാലാംഘട്ട സമരം തുടങ്ങി.ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം. ലത്തീന്‍ അതിരൂപത ഇന്ന് കരിദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പള്ളികളില്‍ കരിങ്കൊടി ഉയര്‍ത്തി. മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിക്കുന്നു. തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലിയും സംഘടിപ്പിച്ചു. അതേസമയം, സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മന്ത്രിസഭ ഉപസമിതി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കും. മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കര്‍ ഭൂമി ഭവനപദ്ധതിക്കായി വീട്ടുനല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി, തുറമുഖ മന്ത്രി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി തുടങ്ങി ആറ് മന്ത്രിമാര്‍ അടങ്ങിയ ഉപസമിതിയാണ് നിര്‍‌ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറല്ലെന്നാണ് തീരസംരക്ഷണ സമിതി വ്യക്തമാക്കുന്നത്. ചര്‍ച്ച സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. സമരമാര്‍ഗങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരസംരക്ഷണ സമിതിയുടെ തീരുമാനം. തുറമുഖത്തിന്റെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച്‌ കരയിലും കടലിലും ഉണ്ടാകുന്ന ആഘാതങ്ങള്‍ പഠിക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ചര്‍ച്ച നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികള്‍ എന്നാണ് സര്‍ക്കാര്‍‌ പറഞ്ഞിരുന്നതെന്നും എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഒന്നും ചെയ്തില്ലെന്നും ലത്തീന്‍ രൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

Leave A Comment