മാസംതോറും വൈദ്യുതി ചാർജ് വർധന: റഗുലേറ്ററി കമ്മീഷൻ സിറ്റിംഗ് ഇന്ന്
തിരുവനന്തപുരം: വൈദ്യുതി നിരക്കു വർധിപ്പിക്കുന്നതിൽ തീരുമാനമെടുക്കാനായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇന്നു രാവിലെ 11ന് വെള്ളയന്പലത്തുള്ള റഗുലേറ്ററി കമ്മീഷൻ ഓഫീസിൽ പൊതുതെളിവെടുപ്പ് നടത്തും. ഇന്ധന വിലവർധനക്കൊപ്പം മാസംതോറും നിരക്ക് വർധിപ്പിക്കാനായി വൈദ്യുതി ബോർഡ് സമർപ്പിച്ച അപേക്ഷയിലാണ് തെളിവെടുപ്പ് നടത്തുന്നത്.
നിലവിൽ മൂന്നുമാസത്തിലൊരിക്കലാണ് സർ ചാർജ് ഈടാക്കുന്നത്. കേന്ദ്ര സർക്കാർ തീരുമാനപ്രകാരം മാസംതോറും സർ ചാർജ് പിരിക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഇതിലേക്കായി കേരളം തയാറാക്കിയ ചട്ടങ്ങളിൽ അഭിപ്രായം കേൾക്കാനാണ് ഇന്ന് പൊതുതെളിവെടുപ്പ് നടത്തുന്നത്.
ഈ വർഷം ജനുവരി മുതൽ മാർച്ചുവരെ വൈദ്യുതി വാങ്ങാൻ 94 കോടി രൂപ അധികം ചെലവായി. ഇത് ഈടാക്കാൻ യൂണിറ്റിന് 16 പൈസ ചുമത്തണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോർഡ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അധിക ചാർജായി ഒന്പതുപൈസ ഈടാക്കിവരുന്നത് ഈമാസം അവസാനിക്കും.
2022 ഒക്ടോബർ മുതൽ ഡിസംബർവരെ അധികമായി ചെലവായ തുക തിരിച്ചുപിടിക്കാൻ യൂണിറ്റിന് 30 പൈസ സർ ചാർജ് ഈടാക്കാൻ അനുമതി തേടി സമർപ്പിച്ച അപേക്ഷ കമ്മിഷന്റെ പരിഗണനയിലാണ്. ജൂണ്‍ ഒന്നുമുതൽ തീരുമാനപ്രകാരമുള്ള തുക ഈടാക്കും.
Leave A Comment