കേരളം

ഇരുന്നത് മുന്‍സീറ്റില്‍; സുധിയെ പുറത്തെത്തിച്ചത് എയര്‍ബാഗ് മുറിച്ച്

കയ്പമംഗലം: നടന്‍ കൊല്ലം സുധിയുടെ ആകസ്മിക വേര്‍പാടിന്‍റെ ആഘാതത്തിലാണ് സിനിമ-സീരിയല്‍ ലോകം. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് വാനുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് നിഗമനം.

ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കാറിന്‍റെ മുന്‍സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. എയര്‍ബാഗ് മുറിച്ചാണ് സുധിയെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.

അപകടത്തില്‍പ്പെട്ടത് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ത്തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വടകരയില്‍നിന്ന് പ്രോഗ്രാം കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം. ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കൊല്ലം സുധിയും സംഘവും വടകരയിലെത്തിയത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് പ്രോഗ്രാം പൂര്‍ത്തിയായത്.

തുടര്‍ന്ന് രാത്രി തന്നെ അവിടെനിന്ന് മടങ്ങുകയായിരുന്നു. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave A Comment