എഐ കാമറ ഇടപാടിൽ ഉന്നതർക്കു പങ്കെന്ന് പൊതുതാത്പര്യ ഹർജി
കൊച്ചി: വിവാദമായ എഐ കാമറ ഇടപാടില്‍ ഭരണത്തിലെ ഉന്നതര്‍ക്കു പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയും ഇടപാടിലെ അഴിമതിയെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്കി. ചീഫ് ജസ്റ്റീസ് എസ്.എന്‍. വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
ഇടപാടില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും എഐ കാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പദ്ധതിയുടെ കരാര്‍ ലഭിച്ച കെല്‍ട്രോണിന്റെ യോഗ്യതയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ നല്കിയ ഭരണാനുമതിയും സമഗ്ര ഭരണാനുമതിയും റദ്ദാക്കുക, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും മറ്റും വേണ്ടി കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മിലുണ്ടാക്കിയ കരാറും പദ്ധതിനടത്തിപ്പിന് മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണുമായുണ്ടാക്കിയ കരാറും റദ്ദാക്കുക എന്നീആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
236 കോടി രൂപ ചെലവിട്ടു ബിഒഒടി മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിക്കായി കെല്‍ട്രോണ്‍ തയാറാക്കിയ ഡിപിആര്‍ ധനകാര്യവകുപ്പ് തള്ളിയതാണ്. പദ്ധതി ഗുണഭോക്താക്കള്‍ക്ക് അധികാരത്തിലെ ഉന്നതരുമായി നേരിട്ടുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ഇതു നടപ്പാക്കാന്‍ കാരണം. പദ്ധതിക്കു വേണ്ട സാങ്കേതിക പരിജ്ഞാനം കെല്‍ട്രോണിനില്ല. ഐടി പദ്ധതികളില്‍ കെല്‍ട്രോണിന് പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് പദവിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Leave A Comment