കേരളം

വിമോചന സമരത്തിന് കാരണം കമ്യൂണിസ്റ്റ് പാർട്ടിയിലെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ : ബാലചന്ദ്രൻ വടക്കേടത്ത്

  
1959 ലെ വിമോചന സമരം കോൺസ്സിൻ്റേയോ ക്രിസ്ത്യൻ സഭകളുടെയോ എൻ.എസ്.എസിൻ്റെയോ സൃഷ്ടിയല്ലെന്നും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആഭ്യന്തര വൈരുദ്ധ്യത്തിൽ നിന്ന് ഉണ്ടായതാണെന്നും പ്രമുഖ എഴുത്തുകാരൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ആ വൈരുദ്ധ്യങ്ങളാണ് ഏറെ താമസിയാതെ പാർട്ടി പിളർപ്പിനും ഇടയാക്കിയത്, ബാലചന്ദ്രൻ പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സർക്കാരിനെ 1959ൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടതിൻ്റെ അറുപത്തിമൂന്നാം വാർഷിക ദിനമായ ജൂലായ് 31ന് കുഴിക്കാട്ടുശ്ശേരി  
ഗ്രാമിക വായനാമൂല സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടന ജനാധിപത്യത്തെ ഉൾക്കൊള്ളാൻ  അപര്യാപ്തമായിരുന്നു.  അതാണ് സെൽ ഭരണത്തിന് വഴിവച്ചത്.  ഭൂപരിഷ്ക്കരണം ദശകങ്ങൾക്കു മുമ്പു തന്നെ കോൺഗ്രസ് അംഗീകരിച്ചിട്ടുള്ളതും ആവശ്യപ്പെട്ടിരുന്നതുമാണ്. വിദ്യാഭ്യാസ ബില്ലിലെ പരിഷ്ക്കാരങ്ങൾ തിരുക്കൊച്ചിയിൽ പനമ്പിള്ളിയുടെ കാലത്തു തന്നെ  നടപ്പിലാക്കിയതാണെന്നും ബാലചന്ദ്രൻ പറഞ്ഞു. 

അമ്പതുകളിൽ ലോകത്ത് പലയിടത്തും രൂപം കൊണ്ട ഇടതുപക്ഷ സർക്കാരുകളെ അമേരിക്ക സി.ഐ.എ. വഴി അട്ടിമറിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് അമേരിക്കൻ പണമുപയോഗിച്ച് ഇവിടെ വിമോചന സമരം ആസൂത്രണം  ചെയ്യപ്പെട്ടതെന്നും തുടർന്ന് സംസാരിച്ച പു.ക.സ.ജില്ലാ കമ്മിറ്റി അംഗം ടി.എ. ഇക്ബാൽ പറഞ്ഞു. എല്ലാ ജാതി മത ശക്തികളും ഏകോപിച്ച്  കമ്യൂണിസ്റ്റ്‌ വിരുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണ് 
57ലെ  കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

പ്രൊഫ.കുസുമം ജോസഫ് മോഡറേറ്ററായിരുന്നു. തുടർന്ന് സംവാദത്തിൽ  കെ.എസ്.അശോകൻ, വി.ആർ.മനുപ്രസാദ്, വടക്കേടത്ത് പത്മനാഭൻ, പി.കെ.കിട്ടൻ,കടലായിൽ  ശ്രീധരൻ,പി.ടി.വിത്സൻ, അനീഷ് ഹാറൂൺ റഷീദ്, എം.എ.ബാബു, പി.ടി.സ്വരാജ്,സുജൻ പൂപ്പത്തി,റാഫി കല്ലേറ്റുംകര എന്നിവർ പങ്കെടുത്തു.

Leave A Comment