കിഫ്ബിക്കെതിരായ ഇ.ഡി. അന്വേഷണം: എം.എൽ.എ.മാരുടെ ഹർജി പിൻവലിച്ചു
കൊച്ചി : കിഫ്ബിക്കെതിരേ ഇ.ഡി. നടത്തുന്ന അന്വേഷണം ചോദ്യം ചെയ്ത് എം.എൽ.എ.മാരായ കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി പിൻവലിച്ചു.
കഴിഞ്ഞ ദിവസം പരിഗണനയ്ക്കു വന്നപ്പോഴാണ് ഹർജി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പിൻവലിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതനുവദിച്ച് ഹർജി തള്ളുകയായിരുന്നു.
കിഫ്ബി വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചാണോ മസാല ബോണ്ടുകൾ ഇറക്കിയതെന്ന അന്വേഷണത്തിന്റെ ഭാഗമായി മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്ക് സമൻസ് നൽകിയതിനു പിന്നാലെയാണ് എം.എൽ.എ.മാർ ഹർജി നൽകിയത്. 73,000 കോടി രൂപയുടെ കിഫ്ബി പദ്ധതിയെ തകർക്കാനുള്ള ശ്രമമാണ് ഇ.ഡി. നടത്തുന്നതെന്നും ഇതു സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നുമായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ടുകൾ ഇറക്കിയതെന്നും വാദിച്ചിരുന്നു. എന്നാൽ, അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു പൊതുതാത്പര്യ ഹർജി നിലനിൽക്കുമോയെന്ന് ഹർജി നേരത്തേ പരിഗണിക്കവേ ഡിവിഷൻ ബെഞ്ച് ആരാഞ്ഞിരുന്നു. സമൻസ് ലഭിച്ചവർ അന്വേഷണത്തിന് ഹാജരാവുകയല്ലേ വേണ്ടതെന്നും ചോദിച്ചിരുന്നു. തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് രണ്ട് മാസത്തേക്ക് സമൻസ് അയയ്ക്കുന്നത് വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പൊതുതാത്‌പര്യ ഹർജി പിൻവലിച്ചിരിക്കുന്നത്.
Leave A Comment