കേരളം

പിറന്നാൾ ദിനത്തിൽ സാനുമാഷിന് പൗരാവലിയുടെ സ്‌നേഹാദരങ്ങൾ

കൊച്ചി : “ഇത്രയും കാലം സന്തോഷമായി നിങ്ങൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം...” ഒറ്റ വാചകത്തിൽ സാനു മാഷ് എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും തെളിച്ചുവെച്ചു. 96-ാം പിറന്നാൾ ദിനത്തിൽ കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിൽ ഏറെ വികാരാധീനനായിട്ടായിരുന്നു മാഷിന്റെ സംസാരം. ജീവിതത്തിന്റെ അർഥം തേടുന്നതിനിടയിലാണ് മനുഷ്യർ പലപ്പോഴും ആശങ്കാകുലരാകുന്നത്. അലച്ചിലുകൾ ഏറെയുണ്ടെങ്കിലും സ്വന്തം ജീവിതം മറ്റുള്ളവർക്ക് നന്മയേകാൻ ഉപയോഗിക്കുമ്പോഴാണ് അതു സാർഥകവും സന്തോഷകരവുമാകുന്നതെന്നും സാനു മാഷ് പറഞ്ഞു.

എറണാകുളം ടി.ഡി.എം. ഹാളിൽ കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പിറന്നാൾ ദിനത്തിൽ സാനു മാഷിന്‌ സ്നേഹാദരം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ മേയർ എം. അനിൽ കുമാർ മാഷിന് ഉപഹാരം നൽകി. കേക്ക് മുറിക്കലും സദ്യയുമായി പിറന്നാൾ ദിനം കൊച്ചി പൗരാവലി ആഘോഷമാക്കി. അദ്ദേഹത്തോടുള്ള ആദരമായി ഓണത്തിന് എറണാകുളത്ത് സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന്‌ മേയർ പറഞ്ഞു.

സാനുമാഷിന്റെ പൂർണകായ ചിത്രം സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ സമ്മാനിച്ചു. എഴുത്തുകാരൻ എൻ.എസ്. മാധവൻ, ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, പ്രൊഫ. കെ.വി. തോമസ്, എസ്‌. ശർമ, കെ.എൽ. മോഹന വർമ, പ്രൊഫ. എം. തോമസ് മാത്യു, പി.എസ്. ശ്രീകല, ഷീബ അമീർ, ഷീബ ലാൽ, പത്മജ എസ്. മേനോൻ, ആന്റണി കുരീത്തറ, പി. രാമചന്ദ്രൻ, വി.എ. ശ്രീജിത്, പി.ആർ. റെനീഷ്, കെ.എം. ദിനകരൻ, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Comment