പ്രാദേശികം

വഴിനടക്കാനാകാതെ : തെരുവുനിറയെ നായ്‌ക്കൂട്ടം

ചെങ്ങമനാട് : ചെങ്ങമനാട് മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം കൂടുന്നു. കഴിഞ്ഞ ആഴ്ച പറമ്പയം എളമന വീട്ടിൽ എ.കെ. ഉമർ (72), പനയക്കടവ് അറയ്ക്കൽ വീട്ടിൽ എ.എ. മുഹമ്മദ് (73) എന്നിവർക്ക് നായ്ക്കളുടെ കടിയേറ്റു. ചെങ്ങമനാട് ജങ്‌ഷനിലായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഒരാളെ പിറകിലൂടെ കൂട്ടത്തോടെയെത്തിയ നായ്ക്കൾ ആക്രമിച്ചത്‌. മറ്റൊരാളെ കടവരാന്തയിൽ കിടന്ന നായ്ക്കളാണ് കടിച്ചത്. ഇരുവരെയും ആദ്യം ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ച്‌ ചികിത്സ നൽകി.

ചെങ്ങമനാട് കവലയിലും പരിസരങ്ങളിലും ഇതിനകം നിരവധി പേർക്ക് നായ്ക്കളുടെ ഉപദ്രവങ്ങളുണ്ടായി. റോഡുകളിലും ഒറ്റപ്പെട്ട പറമ്പുകളിലും രാപകൽ നായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. ഇവയെത്തട്ടി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.

Leave A Comment