പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്നാരോപിച്ച് യുവതിയുടെ ആത്മഹത്യാശ്രമം; ഡിവൈ.എസ്.പി മൊഴിയെടുത്തു
കൊടുങ്ങല്ലൂര്‍: മരിച്ച ഭർത്താവിന്റെ ബാങ്ക് നിക്ഷേപം തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്നാരോപിച്ച് ആത്മഹത്യാശ്രമം നടത്തിയ യുവതിയിൽ നിന്നും ഡി.വൈ.എസ്.പി മൊഴിയെടുത്തു. അഴീക്കോട് പൊന്നാട്ട് പരേതനായ സന്തോഷ് ലാലിന്റെ ഭാര്യ എൽസിയാണ് (58) തിങ്കളാഴ്ച്ച രാത്രിയിൽ ആത്മഹത്യയ്ക്കൊരുങ്ങിയത്.
കോട്ടപ്പുറം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടാനൊരുങ്ങിയ യുവതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
2021ലാണ് ഇവരുടെ ഭർത്താവ് സന്തോഷ് ലാൽ മരിച്ചത്. താനറിയാതെ ഭർത്താവിന്റെ പേരിലുള്ള ലക്ഷങ്ങൾ ബാങ്കിൽ നിന്ന് പിൻവലിച്ചതിനെതിരെ പൊലീസിലും മനുഷ്യാവകാശ കമ്മീഷഷനിലും എൽ സി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഏറെ നാളിനു ശേഷം കഴിഞ്ഞ ഡി സംബറിലാണ് കേസെടുക്കാൻ പൊലീസ് തയാറായത്.പൊലീസുകാർ മാനസികമായി പീഡിപ്പിക്കുകയും പരാതി പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തതായി എൽ സി പറഞ്ഞു.
ഈയിടെ ഡി.ജി.പിക്ക് പരാതി നൽകിയതിനെ തുടർന്ന് ഇവരെ തിങ്കളാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഉച്ചയോടെ സ്റ്റേഷനിൽ എത്തിയ എൽസി വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും കേസന്വേഷിക്കുന്ന പൊലീസുകാരൻ എത്തിയില്ല. വൈകുന്നേരം ഫോണിൽ വിളിച്ച പൊലീസുകാരൻ രണ്ട് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞ് ഇവരെ മടക്കിയയച്ചു.
മാനസികമായി തകർന്ന ഇവർ, തന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകണമെന്ന് പരിചയക്കാരിയെ വിളിച്ചറിയിച്ച് ആത്മഹത്യയ്ക്കൊരുങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ എൽസിയുടെ മൊഴി രേഖപ്പെടുത്തിയത്.
Leave A Comment