ഓണത്തിന്റെ വിളംബരം അറിയിച്ച് പുത്തൻവേലിക്കരയിൽ ബന്ദിപ്പൂക്കൾ
പറവൂർ : ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പൂക്കളം ഒരുക്കാൻ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ ബന്ദിപ്പൂക്കൾ തയ്യാറായിക്കഴിഞ്ഞു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളെ ഒഴിവാക്കി സ്വന്തം നാട്ടിൽ കൃഷിചെയ്ത പൂക്കൾ പൂക്കളം ഒരുക്കാൻ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുത്തൻവേലിക്കര പഞ്ചായത്തിലെ പാറക്കടവ് ബ്ലോക്ക് ആഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ പൂ കൃഷി ആരംഭിച്ചത്.
കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജൂൺ മാസത്തിലാണ് 20 സെന്റ് സ്ഥലത്ത് ബന്ദിപ്പൂ കൃഷി ആരംഭിച്ചത്. പൂ കൃഷിയുടെ വിളവെടുപ്പ് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി നിർവഹിച്ചു.
ബാംഗ്ലൂരിൽ നിന്ന് എത്തിച്ച മഞ്ഞ, ഓറഞ്ച് പൂക്കളുടെ ഹൈബ്രിഡ് തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. മൂന്ന് മാസം പിന്നിടുമ്പോൾ എല്ലാ ചെടികളും പൂവിട്ട് കഴിഞ്ഞു. അത്തത്തിനോട് അടുത്ത ദിവസങ്ങളിൽ എല്ലാ ചെടികളും വിളവെടുക്കും.തിങ്കളാഴ്ച മുതൽ പഞ്ചായത്തിന്റെ ഇക്കോ ഷോപ്പിൽ പൂക്കൾ വിൽപ്പനയ്ക്കെത്തും.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ജോസ്, കൃഷി ഓഫീസർ അമിത. കെ.ജോർജ്, പഞ്ചായത്ത് അംഗങ്ങൾ, അഗ്രോ സർവീസ് സെന്റർ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായി.
Leave A Comment