പ്രാദേശികം

ശ്രീനാരായണപുരത്ത് ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണവും പണവും നഷ്ടപ്പെട്ടു

ശ്രീനാരായണപുരം: ശ്രീനാരായണപുരത്ത് ക്ഷേത്രത്തിൽ മോഷണം. മുള്ളൻ ബസാർ എരുമത്തുരുത്തി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ശാന്തിമഠത്തിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വിഗ്രഹത്തിൽ ചാർത്തുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. രണ്ട് പവന്റെ മാലയും ഒരു പവന്റെ ചന്ദ്രക്കലയുമാണ് നഷ്ടപ്പെട്ടത്. ക്ഷേത്രം ഓഫീസിന്റെയും ശാന്തിമഠത്തിന്റെയും പൂട്ട്  കുത്തി പൊളിച്ചാണ് മോഷ്ടാവ്  അകത്ത് കടന്നിട്ടുള്ളത്. മേശവലിപ്പിൽ നിന്ന് താക്കോൽ എടുത്ത് ക്ഷേത്രവും തുറന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് വലിപ്പിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെ 4 മണിയോടെ  രണ്ടാം ശാന്തി ഉണ്ണികൃഷ്ണൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

മതിലകം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം മതിലകം അടിപറമ്പിൽ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.

Leave A Comment