തൃശ്ശൂരിന്റെ സ്വർണക്കപ്പ് വിജയത്തിൽ സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും
കൊടുങ്ങല്ലൂർ: തൃശ്ശൂരിന്റെ സ്വർണക്കപ്പ് വിജയത്തിൽ അഴീക്കോട് സ്പർശം. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരശ്ശീല വീണപ്പോൾ പാലക്കാടിനോട് ഇഞ്ചോടിഞ്ചു പോരാടി തൃശ്ശൂരിനെ വിജയ സോപാനത്തിലേക്ക് എത്തിച്ച് , സ്വർണ്ണക്കപ്പ് ജേതാക്കൾ ആക്കുന്നതിൽ കലോത്സവത്തിലെ ഓരോ എ ഗ്രേഡ് വിജയിക്കും സന്തോഷിക്കാം. 1008 പോയിന്റ് നേടി ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മാത്രം സ്വർണ്ണക്കപ്പ് ജേതാക്കളായ തൃശ്ശൂരിന് അഭിമാനിക്കാവുന്ന നേട്ടങ്ങളിൽ എ ഗ്രേഡ് വിജയത്തിലൂടെ ഉറുദു കവിത രചനയിൽ ജേതാവായ അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എം എസ് തൻസിഹ അഴീക്കോടിന്റെ കൂടി അഭിമാനതാരമായി.
മത്സര സമയത്ത് മാത്രം "ബർസാത്ത് കി രാത്ത്( മഴയുള്ള രാത്രി)" എന്ന വിഷയം ലഭിച്ച തൻസിഹ പരിമിതമായ മത്സര സമയത്ത് തന്റെ ഉറുദു ഭാഷയിലെ കവിതാ രചനാ പ്രാഗല്ഭ്യം ഉപയോഗപ്പെടുത്തിയപ്പോൾ കേരളത്തിന്റെ സാംസ്കാരിക നഗരി എന്ന് വിശേഷിപ്പിക്കപ്പെട്ടു വരുന്ന തൃശ്ശൂർ റവന്യൂ ജില്ലയെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നതിൽ മറ്റെല്ലാ മത്സര ഇനങ്ങളിലെയും എ ഗ്രേഡ്കാരോടൊപ്പം വിലയേറിയ ഒരു കണ്ണി ആവുകയായിരുന്നു, തൻസിഹ. പൊതുമത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ജേതാവായാണ് എം എസ് തൻസിഹ തൃശ്ശൂർ റവന്യൂ ജില്ലയുടെ വിജയനിദാനക്കാരിൽ ഒരാളായത്. സ്കൂളിലെ ഉറുദു അധ്യാപികയായ കെ എം ഫസീല, എം എസ് തൻസിഹയുടെ മാതാപിതാക്കൾ, സ്കൂൾ എന്നിവ നൽകിയ പ്രോത്സാഹനം ചരിത്രവിജയം ഒരുക്കുന്നതിൽ പ്രോത്സാഹനം നൽകി.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി അതേ സ്റ്റാറ്റസിൽ നടന്ന അറബി സാഹിത്യോത്സവത്തിൽ അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹൈസ്കൂളിലെ എം എച്ച് ഹസ്രത്തും എൻ എം നദാ ജന്നയും തൃശ്ശൂർ റവന്യൂ ജില്ലയ്ക്ക് വേണ്ടി അറബി സംഭാഷണ മത്സരത്തിൽ മാറ്റുരച്ച് എ ഗ്രേഡ് നേടിയതും അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹൈസ്കൂളിന് അഭിമാനമായി. ഹൈസ്കൂളിലെ അറബി അധ്യാപകൻ എസ് ഫസൽ മാസ്റ്ററും യു എം ഷംല മോൾ ടീച്ചറും വിദഗ്ധ പരിശീലനം തന്നെ നൽകിയിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനവും വേണ്ടത്ര ഉണ്ടായിരുന്നു.
സ്കൂളിന്റെ ഉജ്ജ്വല വിജയത്തിൽ മാനേജർ, സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ്, അധ്യാപകർ, പിടിഎ, സ്റ്റാഫ്, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ എന്നിവർ വിജയികളെ അനുമോദിച്ചു.
Leave A Comment