മാള വിഷൻ പേര് മാറ്റുന്നു ; ഇനി മുതൽ മീഡിയ ടൈം, സംപ്രേഷണം നാളെ മുതൽ
മാള : മാള വിഷൻ വാർത്താ ചാനൽ ഇനി മീഡിയ ടൈം എന്ന പേരിൽ അറിയപ്പെടും. നാളെ മാള കാർമ്മൽ കോളേജിൽ വെച്ച് നടക്കുന്ന മാള കേബിൾ വിഷൻ പുരസ്‌കാരദാന ചടങ്ങിൽ വെച്ച് ചാനലിന്റെ ലോഞ്ചിങ് നടക്കും.
കഴിഞ്ഞ 22 വർഷമായി മാള കേന്ദ്രീകരിച്ചു സംപ്രേഷണം നടത്തുന്ന മാള വിഷൻ ചാനൽ രൂപനാമ പരിണാമത്തോടെയാകും സംപ്രേഷണം തുടരുക. മീഡിയ ടൈം എന്ന പേരിലാണ് മാള വിഷൻ ഇനി സംപ്രേഷണം നടത്തുക. പതിവുള്ള ഓരോ മണിക്കൂർ ഇടവിട്ടുള്ള വാർത്താ ബുള്ളറ്റിനുകളും വാർത്താധിഷ്ഠിത പരിപാടികളും വിനോദ വിജ്ഞാന പരിപാടികളും മീഡിയ ടൈമിലും തുടരും.
നേരത്തേ മാള വിഷൻ വാർത്താ പോർട്ടലിൽ നിന്ന് വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കും വായനക്കാർക്കും ലഭ്യമായിരുന്ന തത്സമയ വാർത്തകളും വീഡിയോ കവറേജ് വാർത്തകളും ഇതേ പ്ലാറ്റുഫോമിലൂടെ ലഭ്യമാകും. കഴിഞ്ഞ 22 വർഷമായി മാള മേഖലയിലെ നിത്യ സാന്നിധ്യമായ മാള വിഷൻ ഇപ്പോൾ തൃശൂർ ജില്ലക്ക് പുറമെ എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും അങ്കമാലി അടക്കമുള്ള മുൻസിപ്പാലിറ്റിയിലും സാന്നിധ്യമറിയിച്ചതോടെ നിലവിൽമൂന്ന് നഗരസഭ പരിധികളിലും 22 പഞ്ചായത്തുകളിലും മാള വിഷൻ ചാനൽ ലഭ്യമാകുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് മാള വിഷൻചാനൽ മീഡിയ ടൈം ആയി മാറുന്നതെന്ന് കെ സി സി എൽ മാനേജിങ് ഡയറക്ടറും മാള കേബിൾ വിഷൻ പാർട്ണറുമായ പി പി സുരേഷ് കുമാർ അറിയിച്ചു.
വാർത്താധിഷ്ഠിത പരിപാടികൾക്കും വിനോദ പരിപാടികൾക്കും കൂടുതൽ ഊന്നൽ നൽകിയാകും മീഡിയ ടൈം സംപ്രേഷണം നടത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment