പ്രാദേശികം

പുത്തൻതോട് അമ്പലച്ചിറ തോട് ഉപയോഗശൂന്യമാകുന്നു തോട് കാടുമൂടിയ നിലയിൽ

ചെങ്ങമനാട് : മൂന്ന് ഇറിഗേഷൻ പദ്ധതികൾക്ക് പ്രവർത്തിക്കാൻ വെള്ളമൊഴുകിച്ചെല്ലേണ്ട പുത്തൻതോട് അമ്പലച്ചിറ തോട് കാടുമൂടിയ നിലയിൽ. അഞ്ചു മീറ്റർ വീതിയും മൂന്നു മീറ്റർ ആഴവും രണ്ടു കിലോമീറ്റർ നീളവുമുള്ള തോട് നവീകരിച്ചാൽ മാത്രമേ പമ്പ് ചെയ്യാനുള്ള വെള്ളം ലഭിക്കൂ.

പെരിയാറിന്റെ കൈവഴിയായ പാനായിത്തോട്ടിൽ നിന്നാണ് പുത്തൻതോട് ഭാഗത്തെ ചെങ്ങമനാട് നമ്പർ വൺ ലിഫ്റ്റ് ഇറിഗേഷനിലേക്ക്‌ വെള്ളം ഒഴുകിയെത്തുന്നത്. ഇവിടെനിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് പുത്തൻതോട് അമ്പലച്ചിറ തോട്ടിലെത്തുന്നത്. ചെങ്ങമനാട് നമ്പർ ടു ഇറിഗേഷനും നെടുമ്പാശ്ശേരി പഞ്ചായത്തിന്റെ അധീനതയിലുള്ള കുറുപ്പനയം ലിഫ്റ്റ് ഇറിഗേഷൻ, മരങ്ങാട് ലിഫ്റ്റ് ഇറിഗേഷൻ എന്നിവയാണ് ഈ തോട്ടിലെ വെള്ളമാശ്രയിച്ച്‌ പ്രവർത്തിക്കുന്നത്. ഇതിനു പുറമെ, തോട്ടിലുടനീളം സ്വകാര്യ വ്യക്തികൾ കൃഷിക്കും മറ്റുമായി ഉപയോഗിക്കുന്ന നിരവധി മോട്ടോറുകളുമുണ്ട്.

നമ്പർ 2 ഇറിഗേഷന്റെ പമ്പ്ഹൗസിനോട് ചേർന്നുകിടക്കുന്ന ചെങ്ങമനാട് ചിറയും പുല്ലുപിടിച്ചുകിടക്കുകയാണ്. കൃഷിയിടങ്ങളിലേക്കും പറമ്പുകളിലേക്കുമുള്ള കനാലുകളും നന്നാക്കേണ്ടതുണ്ട്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ 17, 18 വാർഡുകളിലെയും ചെങ്ങമനാട് പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഹെക്ടർ കണക്കിന് പ്രദേശങ്ങളിലേക്കും വെള്ളം എത്തുന്നത് ഇറിഗേഷൻ പദ്ധതികൾ വഴിയാണ്. കൃഷിക്കും കുടിവെള്ളത്തിനും സഹായമാകുന്ന പദ്ധതികൾ ഇറിഗേഷൻ വകുപ്പും പഞ്ചായത്തും ചേർന്നാണ് ആവിഷ്കരിച്ചത്.

Leave A Comment