പ്രാദേശികം

കരുവന്നൂർ ബാങ്കിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം സ്ഥലത്ത് കനത്ത പൊലീസ് കാവൽ

കരുവന്നൂർ: ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേഘം. കരുവന്നൂർ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി കോൺഗ്രസ് , ബിജെപി പ്രവർത്തകരാണ് കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചാണ് പ്രതിഷേധം. സഹകരണ ബാങ്കിന് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

 ഫിലോമിനയുടെ ചികിത്സയ്ക്ക് വേണ്ടി ബാങ്കിനോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കളും മക്കളും ആരോപിക്കുന്നത്. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഇവരെ രോഗം ഗുരുതരമായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തതെന്നാണ് ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്‍റെ കുറ്റപത്രം ഒരു വർഷമായിട്ടും സമ‍ർപ്പിച്ചിട്ടില്ല.  

ഉച്ചയോടെയാണ് മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ആംബുലൻസ് ബാങ്കിന് മുന്നിലെത്തിയത്. കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് മൃതദേഹം ബാങ്കിന് മുന്നിലേക്ക് എത്തിച്ചതും ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചതും. ഇന്നലെ അർധരാത്രിയോടെയാണ് 70 വയസുകാരിയായ ഫിലോമിന മരിച്ചത്. ഫിലോമിനയുടെ പേരിൽ ബാങ്കിൽ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു.

Leave A Comment