പ്രാദേശികം

പേവിഷ നിയന്ത്രണ പരിപാടിയുമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്

ചെങ്ങമനാട്: പേവിഷ പ്രതിരോധത്തിന്റെ ഭാഗമായി മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ 
റാബീസ് വാക്‌സിന്‍ നല്‍കുന്നു. ജനകീയ ആസൂത്രണം 2022-23 പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലു ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടക്കും.

 മൂന്നു മാസത്തിനു മുകളില്‍ പ്രായമുള്ളതും രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യമുള്ള വളര്‍ത്തു നായ്ക്കള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. ഇതിനായി ഒരു നായക്ക് 30 രൂപ എന്ന നിരക്കിലാണ് ഈടാക്കുന്നത്. ഫെബ്രുവരി മാസം കുത്തിവെപ്പ് എടുത്ത നായകള്‍ക്കും കുത്തിവെപ്പ് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ അല്ലാതെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനുള്ള സൗകര്യം എല്ലാ ദിവസവും പ്രവൃത്തി സമയങ്ങളില്‍ പറമ്പയത്തെ മൃഗാശുപത്രിയിലും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന നായ്ക്കളുടെ ഉടമകള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. നായകള്‍ക്ക് ലൈസന്‍സ് എടുത്തിട്ടില്ലെങ്കില്‍  ഈ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ ഹാജരാക്കി ലൈസന്‍സ് എടുക്കേണ്ടതാണ്.

 പേവിഷ ഭീഷണി വ്യാപകമായ സാഹചര്യത്തിലാണ് വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍  നിര്‍ബന്ധമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന് പഞ്ചായത്ത് പരിധിയിലെ ഇറച്ചി കടകള്‍ക്കും മത്സ്യ കടകള്‍ക്കും പഞ്ചായത്ത് അധികൃതര്‍ നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വ്യാപാരി സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.

Leave A Comment