കൃഷി ജോലികൾക്ക് ആലത്തൂർ പാടശേഖരത്തില്‍ ഡ്രോൺ പറന്നു
അന്നമനട: വളമിടലും മരുന്ന് തളിയുമടക്കമുള്ള കൃഷി ജോലികൾക്ക് ആലത്തൂർ പാടശേഖരത്തില്‍ ഡ്രോൺ പറന്നു. ജില്ലയിലെ കാർഷിക ഡ്രോണുകളുടെ ആദ്യ പ്രദർശനവും പ്രവർത്തനരീതി പരിചയപ്പെടുത്തലുമാണ് അന്നമനട കൃഷിഭവന് കീഴിലുള്ള ആലത്തൂർ പാടശേഖരത്തില്‍ നടന്നത്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഡ്രോണുകളുടെ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു.
പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷി ഭൂമിയില്‍ മൈക്രോ ന്യൂട്രിയന്റ് ഡ്രോണ്‍ ഉപയോഗിച്ച് സ്പ്രേ ചെയ്തു. ഒരേക്കറില്‍ ഒരേ അളവിൽ വളം അല്ലെങ്കിൽ സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്നതിന് 20 മിനിട്ട് സമയമാണ് ഡ്രോണ്‍ പരമാവധി എടുക്കുക. കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവ്വെ എന്നീ മേഖലകളിൽ ഡ്രോണുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (SMAM) പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയിൽ ലഭ്യമാകും.
കേന്ദ്ര കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് എൻജിനീയർ (കൃഷി) പ്രീതി കെ പി പദ്ധതി വിശദീകരണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നെയ്സൺ, അസിസ്റ്റന്റ് ഡയറക്ടര്‍ (കൃഷി) ആർ സോണിയ, അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ (കൃഷി) ഉഷ മേരി ഡാനിയൽ, ടി കെ സതീശൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave A Comment