പ്രാദേശികം

പറവൂർ നഗരസഭയിലെ മാലിന്യനീക്കം അവതാളത്തിൽ

പറവൂർ : നഗരസഭയിലെ മാലിന്യനീക്കം അവതാളത്തിലെന്ന് ആക്ഷേപം.വീടുകളിൽ നിന്ന് ഹരിതകർമ സേനയിലെ വനിതകൾ മാസത്തിലൊരു ദിവസം ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിയ ചാക്കുകളിൽ കെട്ടി അതത് വാർഡുകളിലെ റോഡുവക്കിൽ െവയ്ക്കുന്നു. ഇത് ദിവസങ്ങളോളം അവിടെ കിടക്കും. അതുവഴിവരുന്ന പലരും കൈയിൽ കരുതിയിട്ടുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ തള്ളും.

പ്ലാസ്റ്റിക് പെറുക്കുന്നവരും തെരുവുനായ്ക്കളും കെട്ടിവെച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ തിരയുന്നതോടെ ഇവ റോഡരികിലാകെ നിറയും. മഴക്കാലമായതിനാൽ പലയിടത്തുനിന്നും ദുർഗന്ധവും വമിക്കുന്നുണ്ട്.

ഇതുസംബന്ധിച്ച്‌ പരാതി ഉയർന്നപ്പോൾ ക്ലീൻ കേരള ഏജൻസിയുമായി ബന്ധപ്പെട്ട്‌ ഇവ നീക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അതുണ്ടായില്ല. നഗരത്തിലെ മാലിന്യം നീക്കാൻ ഉപയോഗിച്ചിരുന്ന വാഹനം ഓടാതായിട്ട് ആറുമാസത്തിലേറെയായി. മൂന്നു മാസംമുമ്പ് പുതുതായി വാങ്ങിയ മറ്റൊരു വാഹനം അതിന്റെ ബോഡി പണിതീർക്കാത്തതിനാൽ നഗരസഭാ ഓഫീസിന്റെ പരിസരത്ത് കിടക്കുകയാണ്.

ഈയിടെയായി നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം ഏറിയിട്ടുണ്ട്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും വൻഭീഷണിയാണ്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്‌ പരിസരത്ത് തെരുവുനായ്ക്കളുടെ ഒരു കൂട്ടംതന്നെ തമ്പടിച്ചിട്ടുണ്ട്.

മാലിന്യം നീക്കം ചെയ്യാതെവന്നതോടെ നഗരത്തിൽ ആഫ്രിക്കൻ ഒച്ചുകളും പെരുകിയ അവസ്ഥയിലാണ്. പ്ലാസ്റ്റിക് ശേഖരണ പദ്ധതിയിലൂടെ പ്രതിമാസം മൂന്നു ലക്ഷത്തോളം രൂപ നഗരസഭവക ഹരിതകർമസേനാ ഫണ്ടിൽ എത്തുന്നുണ്ട്. ഈ ഫണ്ടിലുണ്ടായ 14 ലക്ഷം രൂപ വകമാറ്റി ജീവനക്കാർക്ക്‌ ശമ്പളം നൽകാൻ ഉപയോഗിച്ചത് ആറുമാസം കഴിഞ്ഞിട്ടും തിരിച്ചടയ്ക്കാത്തത് വിവാദമായിരുന്നു.

ആവശ്യത്തിന് ഫണ്ട് ഉണ്ടായിട്ടും മാലിന്യനീക്കത്തിനാവശ്യമായ വാഹനങ്ങൾ നന്നാക്കുന്നതിനോ, ആവശ്യമായ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിനോ യാതൊരു നീക്കവുമില്ലെന്ന് പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ആരോപിച്ചു. ക്ലീൻ കേരള കമ്പനിക്ക് പണം നൽകിയാണ് മാലിന്യങ്ങൾ കൊണ്ടുപോകുന്നത്. നഗരസഭയ്ക്ക് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സംവിധാനം ഏർപ്പെടുത്തണം.

 വെടിമറ മാലിന്യ സംസ്കരണ പ്ലാന്റിലെ ലെഗസി വേസ്റ്റ് മാറ്റണമെന്നും ആവശ്യപ്പെട്ടു. ശേഖരിച്ച മാലിന്യം സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുന്ന മുനിസിപ്പൽ ടൗൺഹാളിനും നഗരസഭയ്ക്കു മുന്നിലെ മുനിസിപ്പൽ പാർക്കിലുമാണ് ഇവ കുന്നുകൂട്ടി െവച്ചിരിക്കുന്നത്. കൂടാതെ, കാനയിൽനിന്നെടുക്കുന്ന മണ്ണും ചെളിയും അതിനരികിൽത്തന്നെ കൂമ്പാരമായി വെച്ചതുമൂലം മഴപെയ്താൽ ഇവ വീണ്ടും കാനയിലേക്കുതന്നെ ഒലിച്ചിറങ്ങും. നഗരസഭയുടെ മെല്ലെപ്പോക്കിനെതിരേ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് എൽ.ഡി.എഫ്. കൗൺസിലർമാരായ എൻ.ഐ. പൗലോസ്, ജ്യോതി ദിനേശൻ, കെ.ജെ. ഷൈൻ, എം.കെ. ബാനർജി, ഇ.ജി. ശശി എന്നിവർ പറഞ്ഞു.

Leave A Comment