ചൂണ്ടാംതുരുത്ത് റോഡ് ഉയർത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കുറുമശ്ശേരി : ചെങ്ങമനാട്-കുറുമശ്ശേരി റോഡിലെ പൊയ്ക്കാട്ടുശ്ശേരി ചൂണ്ടാംതുരുത്തുഭാഗത്ത് റോഡിൽ വെള്ളം കയറുന്നത് തടയാൻ റോഡ് ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ചൂണ്ടാംതുരുത്ത് പാലം മുതൽ കിഴക്കോട്ട് ഒരു കിലോമീറ്റർ ദൂരമെങ്കിലും മണ്ണിട്ട് പൊക്കിയാൽ മാത്രമേ മാഞ്ഞാലിത്തോടിലെ വെള്ളം റോഡിലേക്കുകയറി ഒഴുകുന്നത് തടയാൻ കഴിയൂ.
നെടുമ്പാശ്ശേരി-പാറക്കടവ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണിവിടം. അത്താണിയിൽനിന്ന് എളവൂർ, മാള, കണക്കൻകടവ് പ്രദേശങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന റോഡാണ്. കനത്ത മഴയേത്തുടർന്ന് ഒരാഴ്ചമുന്പ് ചൂണ്ടാംതുരുത്തുഭാഗത്ത് വെള്ളം കയറിയത് നാട്ടുകാരിലും യാത്രക്കാരിലും ആശങ്കയുണ്ടാക്കി.
2018-ലെ പ്രളയത്തിൽ ഈ ഭാഗത്തുകൂടിയാണ് അങ്കമാലി മാഞ്ഞാലിത്തോട് ദിശ മാറി കുത്തിയൊഴുകിയത്. അന്ന് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. പ്രളയത്തിൽ ചൂണ്ടാംതുരുത്ത് പാലത്തിൽ മരങ്ങളും മാലിന്യങ്ങളും വന്നടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടപ്പോഴാണ് ചൂണ്ടാംതുരുത്ത് ഭാഗത്തുകൂടി വെള്ളം ദിശമാറി ഒഴുകിയത്. 2019-ലെ പ്രളയത്തിലും റോഡിൽ വെള്ളം കയറി ഗതാഗതം ദിവസങ്ങളോളം മുടങ്ങിയിരുന്നു. പ്രളയങ്ങൾക്കുശേഷം റോഡ് അത്യാധുനിക രീതിയിൽ ഉയർത്തി പുതുക്കിപ്പണിയുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും പാലിച്ചിട്ടില്ലെന്നാണാക്ഷേപം.
Leave A Comment