ആലുവയിൽ എന്യൂമറേറ്റർമാർക്ക് പരിശീലനം
ആലുവ: പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി ആലുവ താലൂക്ക് തലത്തില്‍ തെരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ആലുവ മാര്‍ത്തോമ പള്ളി ഹാളില്‍ നടന്ന പരിപാടി ആലുവ നഗരസഭ ചെയര്‍മാന്‍ എം. ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക സെന്‍സസ് നടത്തി വരുന്നത്. തിരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ഭൂമി സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ശേഖരിക്കും. 111 എന്യൂമറേറ്റര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഇവര്‍ ഭവന സന്ദര്‍ശനം നടത്തി ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കുക, പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍സസ് നടപ്പിലാക്കുന്നത്. ഡിസംബര്‍ മാസം അവസാനത്തോടെ സര്‍വ്വേ ആരംഭിക്കും.
ചടങ്ങില്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം.അബ്ദുള്ള, ആലുവ വിത്ത് ഉല്‍പാദന കേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള്‍ .ജെ.വടക്കൂട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
Leave A Comment