ആലുവ ശിവരാത്രി: ലേലത്തിൽ പോയത് ആറ് ബലിത്തറകൾ മാത്രം
ആലുവ : ശിവരാത്രി മണപ്പുറത്ത് ബലിത്തറ ലേലം വീണ്ടും ബഹിഷ്‌കരിച്ച് പുരോഹിതൻമാർ. കോടതി ഉത്തരവിനെ തുടർന്ന് പോലീസ് കാവലിൽ ചൊവ്വാഴ്ച നടത്തിയ ബലിത്തറ ലേലത്തിൽ പങ്കെടുത്തത് ആറുപേർ മാത്രം. ഇവർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബലിത്തറകൾ അനുവദിച്ചുനൽകി. ഇതോടെ ശിവരാത്രിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ ബലിത്തറ ലേലത്തിനെടുത്തവരുടെ എണ്ണം ഒൻപതായി.
തുടർച്ചയായി മൂന്നാം തവണയാണ് ബലിത്തറ ലേലം പുരോഹിതൻമാർ ബഹിഷ്‌കരിക്കുന്നത്. ആദ്യതവണ ലേലത്തുകയുടെ പത്തുശതമാനം വർധനയും 18 ശതമാനം ജി.എസ്.ടി.യും പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ലേലനടപടികളിൽ നിന്ന് വിട്ടുനിന്നത്.
2020ലെ ലേലത്തുക അടിസ്ഥാനമാക്കിയാണ് ഈ തവണത്തെ ലേലം നടത്തിയത്. ഇത് കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടാമത്തെ തവണ ലേലനടപടികൾ ബഹിഷ്‌കരിച്ചത്. ഇതിനിടെ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ലേലത്തിന് പോലീസ് സംരക്ഷണം ഉൾപ്പെടെ ഉറപ്പുവരുത്താൻ നിർദേശം നൽകിയിരുന്നു. അതേസമയം ശിവരാത്രി കച്ചവടക്കാരുടെ തറ ലേലം ചൊവ്വാഴ്ച സുഗമമായി നടന്നു.
Leave A Comment